.
അബുദാബി: യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി യു.എ.ഇ. നേതാക്കള്‍. ''പ്രതിജ്ഞ നിറവേറ്റി, രാഷ്ട്രത്തെ സേവിച്ചു, ജനങ്ങളെ സ്നേഹിച്ചു'' എന്നാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്റാഷിദ് അല്‍മക്തൂം യു.എ.ഇ. പ്രസിഡന്റിനെ അനുസ്മരിച്ചത്. സംതൃപ്തിയോടെയാണ് അദ്ദേഹം ജനങ്ങളെ വിട്ടുപോയതെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
തന്റെ മാര്‍ഗദര്‍ശിയും ഗുരുനാഥനുമായിരുന്നു അന്തരിച്ച ശൈഖ് ഖലീഫയെന്ന് അദ്ദേഹത്തിന്റെ സഹോദരനും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അനുസ്മരിച്ചു. രാഷ്ട്രത്തിന് പ്രിയപ്പെട്ടൊരു പൗരനെയും അതിന്റെ ശാക്തീകരണ കാലഘട്ടത്തിന്റെ നേതാവിനെയും ആ യാത്രയുടെ സംരക്ഷകനെയുമാണ് നഷ്ടമായതെന്നും അദ്ദേഹം ഓര്‍മിച്ചു.
രാജ്യത്തിന്റെ പ്രതാപത്തിനും ജനങ്ങളുടെ അഭിവൃദ്ധിക്കുംവേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവിനോട് വിടപറയേണ്ടിവരുന്നത് എളുപ്പമല്ലെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ കാലടികള്‍ പിന്‍പറ്റിയ നേതാവായിരുന്നു ശൈഖ് ഖലീഫയെന്നും അദ്ദേഹം അനുസ്മരിച്ചു. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍, യു.എ.ഇ. മന്ത്രിമാര്‍, ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരും പ്രിയപ്പെട്ട രാഷ്ട്രത്തലവന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
പ്രാര്‍ഥന എല്ലാ പള്ളികളിലും
ദുബായ്: അന്തരിച്ച യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് വേണ്ടിയുള്ള മരണാനന്തരപ്രാര്ഥന (മയ്യിത്ത് നമസ്കാരം) വെള്ളിയാഴ്ച യു.എ.ഇ.യിലെ എല്ലാ പള്ളികളിലും നടന്നു. സൂര്യാസ്തമയത്തിന് ശേഷമുള്ള മഗ്രിബ് നമസ്കാരം കഴിഞ്ഞ് ശൈഖ് ഖലീഫയ്ക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം നിര്‍വഹിക്കാമെന്ന് യു.എ.ഇ.യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചിരുന്നു.
ഹിന്ദു ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍
അബുദാബി: അന്തരിച്ച യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അബുദാബി ഹിന്ദു ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. പ്രിയപ്പെട്ട ഭരണാധികാരിയുടെ വിയോഗത്തിന്റെ വേദനനിറഞ്ഞ നിമിഷത്തില്‍ രാജകുടുംബത്തിനും യു.എ.ഇ.യിലെ ജനങ്ങള്‍ക്കും ലോകത്തിനുംവേണ്ടി പ്രാര്‍ഥിക്കുന്നതായി ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ഥ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒമാനിലും ബഹ്റൈനിലും മൂന്ന് ദിവസത്തെ ദുഃഖാചരണം
മനാമ: യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തെത്തുടര്‍ന്ന് ബഹ്റൈനില്‍ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ഇക്കാലയളവില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇ. പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ ഖലീഫ അറിയിച്ചു. യു.എ.ഇ.യിലെ ജനങ്ങള്‍ക്ക് വേണ്ടിയും അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ക്ക് വേണ്ടിയും സേവനമനുഷ്ഠിച്ച നേതാവായിരുന്നു ശൈഖ് ഖലീഫയെന്ന് ബഹ്റൈന്‍ റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യു.എ.ഇ. പ്രസിഡന്റിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒമാനിലും മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് ദുഃഖാചരണമെന്ന് ഒമാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇക്കാലയളവില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
Content Highlights: Sheikh Khalifa Bin Zayed, Dubai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..