-
റിയാദ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ് റിഎന്‍ട്രി വിസ തൊഴിലുടമയുടെ അബ്ഷര്‍ അല്ലെങ്കില്‍ മുകീം പ്ളാറ്റ്ഫോം വഴി പുതുക്കുന്നുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) വ്യക്തമാക്കി. സാദാദ് പേയ്മെന്റ് സംവിധാനം വഴി ഫീസ് അടക്കുവാനുള്ള സൗകര്യവും ഉണ്ട്.
2020 മാര്‍ച്ച് മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിരോധിക്കുകയും അതിര്‍ത്തികള്‍ അടക്കുകയും ചെയ്തതോടെ 10 മാസത്തിലേറെയായി നിരവധി തൊഴിലാളികള്‍ സൗദിയിലേക്ക് തിരിച്ചുവരാനാവാതെ രാജ്യത്തിന് പുറത്താണുള്ളത്. ഈ സാഹചര്യത്തില്‍, ഇവരുടെ തൊഴിലുടമക്ക് എക്സിറ്റ്, റീഎന്‍ട്രി വിസ പുതുക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് പാസ്പോര്‍ട്ട് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്.
180 ദിവസത്തില്‍ കൂടുതല്‍ വിസ കാലഹരണപ്പെട്ടവര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ക്കായി വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെടണമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25 നും മെയ് 24 നും ഇടയില്‍ കാലഹരണപ്പെട്ട പ്രവാസികളുടെ എക്സിറ്റ്, റീ എന്‍ട്രി വിസ 2020 ഏപ്രിലില്‍ പാസ്പോര്‍ട്ട് വിഭാഗം ഫീസ് ഈടാക്കാതെ പുതുക്കി നല്‍കിയിരുന്നു. കൊറോണ വൈറസ് പാന്‍ഡെമിക് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ഭാഗമായി ഉണ്ടായ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇരു ഹറം പരിപാലകനായ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം വിസകള്‍ സൗജന്യമായി പുതുക്കി നല്‍കിയിരുന്നത്.
യാത്രാ വിലക്കിനെ തുടര്‍ന്ന് രാജ്യത്തിനു പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ്, റീ എന്‍ട്രി വിസകള്‍ പുതുക്കുന്ന പ്രക്രിയ സൗദി പാസ്പോര്‍ട്ട് വിഭാഗം തുടരുകയാണ്. ഇതിന്റെ ഗുണഭോക്താക്കളില്‍ വാണിജ്യ, വ്യാവസായിക തൊഴില്‍മേഖലകളിലുള്ള പ്രവാസി തൊഴിലാളികളാണ്.
വിസ പുതുക്കുന്നത് ദേശീയ വിവര കേന്ദ്രത്തിന്റെയും ധനമന്ത്രാലയത്തിന്റെയും സഹകരണത്തോടെ സ്വമേധയാ ആണെന്ന് പാസ്പോര്‍ട്ട് വിഭാഗം വിശദീകരിച്ചു.
സൗദിക്കുവെളിയിലുള്ള പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും എക്സിറ്റ്, റീഎന്‍ട്രി വിസകള്‍ പുതുക്കുന്നതിനുള്ള സംവിധാനം പാസ്പോര്‍ട്ട് വിഭാഗം സജജമാക്കിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് വിസ പോര്‍ട്ടില്‍ ലിങ്ക് വഴി പ്രവാസി തൊഴിലാളികളുടെയും അവരുടെ ആശ്രിതരുടെ വിസയും റീഎന്‍ട്രയും പുതുക്കാനാകും.
Content Highlight: Saudi re entry visa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..