റിയാദ്: സൗദിയിലേക്ക് വിദേശികള്‍ മടങ്ങി വരുവാനുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ തിയതി നാളെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സൗദി പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കേസുകള്‍ കൂടുതലുണ്ടെങ്കിലും, ഇന്ത്യയിലേക്കും സര്‍വീസുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
വിവിധ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് മടങ്ങി വരുവാനുള്ള വിമാന സര്‍വീസുകളുടെ തിയതിയാണ് നാളെ പ്രഖ്യാപിച്ചേകുമെന്ന് സൗദിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാളത്തെ പ്രഖ്യാപനത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മടങ്ങി വരുവാനുള്ള തിയതിയും പ്രഖ്യാപിച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് കേസുകള്‍ കൂടുതലുള്ളതിനാല്‍, യാത്രാവിലക്ക് പട്ടികയിലുള്ള ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിക്കുമോ എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ പ്രവാസികളും.
കഴിഞ്ഞ സെപ്തംബറിലാണ് സൗദിഅറേബ്യ വിമാന യാത്രാ വിലക്ക് ഭാഗികമായി നീക്കിത്തുടങ്ങിയത്. വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതോടെ കൊവിഡ് കേസുകള്‍ കൂടുതലുള്ള ഇന്ത്യയടക്കം ചില രാജ്യങ്ങളില്‍ നിന്നൊഴികെ സര്‍വീസ് തുടങ്ങിയിരുന്നു. എന്നാല്‍ വിമാന സര്‍വീസ് പൂര്‍ണമായും പുനരാരംഭിക്കുന്നത് 2021 ജനുവരിയിലാണെന്നും ഇതിന്റെ തിയതി ഡിസംബറില്‍ പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു പ്രകാരം നാളെയാണ് ആഭ്യന്തര മന്ത്രാലയം വിമാന സര്‍വീസുകള്‍ കൃത്യമായി തുടങ്ങുന്ന തിയതി അറിയിക്കുക എന്ന് സൗദിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കാര്‍ക്കുള്ള ചട്ടങ്ങളും നിബന്ധനകളുമെല്ലാം ഇതോടൊപ്പം പ്രഖ്യാപിച്ചേക്കുമെന്നും അറബ് മാധ്യമങ്ങള്‍ പറയുന്നു. ഇന്ത്യക്കുള്ള യാത്രാവിലക്ക് നീക്കി സര്‍വീസ് തുടങ്ങുമോ എന്നതും നാളെ അറിയാനായേക്കും. ഇന്ത്യയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചില്ലെങ്കില്‍ പിന്നെ പ്രവാസികള്‍ക്കുള്ള പ്രതീക്ഷ എയര്‍ ബബ്ള് കരാറാണ്. ഇതിന്റെ ചര്‍ച്ച എംബസി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മാതൃഭൂമി ന്യൂസ്, റിയാദ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..