.
റിയാദ്: മുട്ട വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാക്കാന്‍ കൈകോര്‍ത്ത് സൗദി കാര്‍ഷിക, വാണിജ്യ മന്ത്രാലയങ്ങളും ലുലു ഹൈപര്‍മാര്‍ക്കറ്റും. രാജ്യത്തെ കോഴിഫാമുകളില്‍നിന്ന് ഇടനിലക്കാരില്ലാതെ മുട്ട നേരിട്ട് ലുലു ഹൈപര്മാര്ക്കറ്റുകളിലെത്തിക്കാനാണ് പുതിയ നീക്കം. ഇതിനായി മുട്ട ഉല്പാദകരുടെ അസോസിയേഷനും ലുലു ഗ്രൂപ്പും ധാരണാപത്രം ഒപ്പിട്ടു. സൗദി ഭക്ഷ്യസുരക്ഷയുടെയും കാര്‍ഷിക മേഖലയുടെയും കാര്യത്തിലുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ കരാര്‍. ഇതിലൂടെ പ്രാദേശിക വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാക്കാനാവും. രാജ്യത്തെ കോഴി ഫാമുകളില്‍ നിന്ന് മുട്ടകള്‍ നേരിട്ട് ലുലു ഹൈപര്‍മാര്‍ക്കറ്റുകളിലേക്കും സ്റ്റോറുകളിലേക്കും വിതരണം ചെയ്യാന്‍ അസോസിയേഷനെ ഈ ധാരണാപത്രം പ്രാപ്തരാക്കും. പുതുമ മാറാത്ത മുട്ടകള്‍ ഫാമില്‍ നിന്ന് വേഗത്തില്‍ ലുലുവഴി ഉപഭോക്താക്കളുടെ തീന്മേശകളിലെത്തിക്കാനും കോഴി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ മികച്ച സാമ്പത്തികലാഭമുണ്ടാക്കാനും ഇതുവഴി സാധിക്കും. സൗദി അറേബ്യയില്‍ 27 ഹൈപര്‍മാര്‍ക്കറ്റുകളുള്ള, മധ്യപൗരസ്ത്യന്‍-ഉത്തരാഫ്രിക്കന്‍ മേഖലയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പുമായി സൗദി മുട്ട ഉല്പാദകര്ക്ക് ധാരണയുണ്ടാക്കാന്‍ കഴിഞ്ഞത് ഇരുകൂട്ടര്‍ക്കും കാര്‍ഷിക രംഗത്തിനും ഉപഭോക്താക്കള്‍ക്കുമെല്ലാം ഒരേപോലെ പ്രയോജനകരമാണ്. ധാരണാപത്രം ഒപ്പുവെച്ച ചടങ്ങില്‍ പരിസ്ഥിതി-ജലം-കാര്‍ഷിക മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി എന്‍ജി. അഹ്മദ് ബിന്‍ സാലെ അല്‍അയാദ, വാണിജ്യ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് അല്‍ഉബൈദ് എന്നിവര്‍ പങ്കെടുത്തു. ലുലു ഗ്രൂപ്പിന് വേണ്ടി ലുലു സൗദി ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദും സൗദി മുട്ട ഉല്പാദക അസോസിയേഷന് വേണ്ടി കോഓപറേറ്റീവ് അസോസിയേഷന് മേധാവി അബ്ദുല്‍ അസീസ് അല്‍ശൈഖും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വേഗത്തില്‍ ദഹനശേഷിയുള്ളതും പ്രോട്ടീന്റെയും മിനറല്‍സിന്റെയും സമ്പുഷ്ട സ്രോതസുമെന്ന നിലയില്‍ ഏറെ ജനപ്രിയമായ ഭക്ഷ്യവസ്തുവാണ് മുട്ടയെന്നും ഈ ധാരണാപത്രം ഞങ്ങള്‍ക്ക് മേന്മയേറിയ മുട്ടകള്‍ ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുന്നതിനും സൗദിയിലെ കാര്‍ഷികമേഖലക്ക് വലിയതോതില്‍ പിന്തുണ നല്‍കുന്നതിനും സഹായിക്കുമെന്നും ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ പിന്തുണയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെയും സ്റ്റോറുകളിലൂടെയും വലിയൊരു ഉപഭോക്തൃവൃത്തത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നു എന്നതും സൗദി മുട്ട ഉല്പാദകരുടെ അസോസിയേഷന് വന്‍നേട്ടമാണെന്ന് കോഓപറേറ്റീവ് അസോസിയേഷന് മേധാവി അബ്ദുല്‍ അസീസ് അല്‍ശൈഖ് അഭിപ്രായപ്പെട്ടു. ഈ ധാരണാപത്രം ഉപഭോക്താക്കള്‍ക്ക് ഫാമില്‍നിന്ന് പുതുമമാറാത്ത മുട്ടകള്‍ ഏറ്റവും വേഗത്തിലും ലാഭകരമായ രീതിയിലും ലഭ്യമാക്കാനും പ്രാദേശിക കാര്‍ഷികവാണിജ്യ രംഗത്തിന് വലിയ പിന്തുണ കിട്ടുന്നതിനും സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..