-
റിയാദ്: വേള്‍ഡ് എക്സ്പോ 2030-ന് ആതിഥേയത്വം വഹിക്കാന്‍ റിയാദ് ഔദ്യോഗിക അപേക്ഷ സമര്‍പ്പിച്ചതായി സൗദി അറേബ്യയുടെ കിരീടാവകാശി. 'മാറ്റത്തിന്റെ യുഗം, ദീര്‍ഘവീക്ഷണമുള്ള നാളെയിലേക്ക് ഈ ഗ്രഹത്തെ നയിക്കുന്നു' എന്നതാണ് രാജ്യം നിര്‍ദ്ദേശിച്ച പ്രമേയം. 'ഞങ്ങള്‍ മാറ്റത്തിന്റെ യുഗത്തിലാണ് ജീവിക്കുന്നത്, മനുഷ്യരാശിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ അഭൂതപൂര്‍വമായ ആവശ്യം ഞങ്ങള്‍ അഭിമുഖീകരിക്കുന്നു'- വേള്‍ഡ് എക്സ്പോയുടെ ഓര്‍ഗനൈസിംഗ് ബോഡിയായ ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്സ്പോസിഷന്‍സിന് അയച്ച കത്തില്‍ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
ലോകം മുഴുവന്‍ ഒരു കൂട്ടായ്മ എന്ന നിലയില്‍ ഭാവിയും അഭിസംബോധനയും മുന്‍കൂട്ടി കാണുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് വ്യക്തമാണെന്നും കിരീടാവകാശി പറഞ്ഞു. 2030-ല്‍ റിയാദില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോ രാജ്യത്തിന്റെ വിഷന്‍ 2030-ന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുമെന്നും മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് എടുത്തുപറഞ്ഞു. രാജ്യം എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, വിനോദം, ടൂറിസം തുടങ്ങിയ പൊതു സേവന മേഖലകള്‍ വികസിപ്പിക്കുന്നതിനുമുള്ള ഒരു തന്ത്രപരമായ ചട്ടക്കൂടായാണ് 2016 ല്‍ കിരീടാവകാശി സൗദി വിഷന്‍ 2030 ആരംഭിച്ചത്.
'രാജ്യത്തിന്റെ ഭാവിയിലേക്കുള്ള അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ഈ ദര്‍ശനം. ഭാവിതലമുറയുടെ പ്രയോജനത്തിനായി സുസ്ഥിരമായ നാളെ സൃഷ്ടിക്കാന്‍ യുവാക്കളുടെ അതിരുകളില്ലാത്ത ഊര്‍ജജം പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഒരു ദര്‍ശനം. അതില്‍ എല്ലാ പൗരന്മാരും അവരുടെ സ്വപ്നങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും അവരുടെ പ്രതീക്ഷകളെ മറികടക്കുകയും അവരുടെ അഭിലാഷങ്ങള്ക്കപ്പുറത്തേക്ക് പോകുകയും ചെയ്യുന്നു'- അദ്ദേഹം പറഞ്ഞു. അഭൂതപൂര്‍വമായ ഈ പരിവര്‍ത്തനത്തില്‍ നിന്നുള്ള നമ്മുടെ പാഠങ്ങള്‍ ലോകവുമായി പങ്കിടാനുള്ള അസാധാരണമായ അവസരമാണ് വേള്‍ഡ് എക്സ്പോ 2030 പ്രതിനിധീകരിക്കുന്നത് എന്നും കിരീടാവകാശി പറഞ്ഞു.
ബിഐഇയുടെ സെക്രട്ടറി ജനറല്‍ ദൈിമിത്രി കെര്കെന്റെസിന് പാരീസില്‍വെച്ചാണ് റിയാദ് സിറ്റിയിലെ റോയല്‍ കമ്മീഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഫഹദ് അല്‍ റഷീദ് വേള്‍ഡ് എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാനുള്ള കത്ത് കൈമാറിയത്. എക്സ്പോ 2030 ഒക്ടോബര്‍ 1 മുതല്‍ 2031 ഏപ്രില്‍ 1 വരെ നടക്കും. റിയാദ് നഗരത്തിന്റെ ഉത്തരവാദിത്വമുള്ള, കിരീടാവകാശി അധ്യക്ഷനുമായ റോയല്‍ കമ്മീഷന് ഫോര്‍ റിയാദ് സിറ്റി, വേള്‍ഡ് എക്സ്പോ 2030-ന്റെ സൗദി ബിഡ്സിന് നേതൃത്വം നല്‍കും. നിര്‍ദ്ദേശത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഡിസംബറില്‍ പാരീസിലെ ബിഐഇക്ക് സമര്‍പ്പിക്കും.
Content Highlights: Saudi crown prince announces Riyadh's bid to host World Expo 2030
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..