അബയ്ക്ക് ചുറ്റുമുള്ള ബാരിക്കേഡുകൾ നീക്കി
മക്ക: പുതിയ ഉംറ സീസണ് ആരംഭിച്ചതോടെ രണ്ട് വര്‍ഷത്തിന് ശേഷം കഅബയ്ക്ക് ചുറ്റുമുള്ള നിയന്ത്രണ ബാരിക്കേഡുകള്‍ നീക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളളുടെ ഭാഗമായി തീര്‍ത്ഥാടകര്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ 2020 മാര്‍ച്ചിലാണ് നിയന്ത്രണ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്.
ഇതോടെ വിശ്വാസികള്‍ക്ക് കഅബയെ ഒരിക്കല്‍ കൂടി തൊടുവാനും മുഖമമര്‍ത്തി പ്രാര്‍ത്ഥിക്കാനും അവസരം ലഭിച്ചുതുടങ്ങി.
ഇരു ഹറം കാര്യാലയ മേധാവി ഷെയ്ഖ് ഡോ. അബ്ദുല്‍ റഹ്മാന് അല്‍-സുദൈസ് ചൊവ്വാഴ്ചയാണ് കഅബയ്ക്ക് ചുറ്റുമുള്ള പ്രതിരോധ ബാരിക്കേഡുകള്‍ നീക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിനാണ് തീര്‍ത്ഥാടകര്‍ ഏഴ് തവണ പ്രദക്ഷിണം വയ്ക്കുന്ന കഅബയ്ക്ക് ചുറ്റുമുള്ള പ്രദേശം 2020 മാര്‍ച്ചില്‍ അടച്ചത്.
നിരവധി വിശ്വാസികള്‍ ആത്മീയ അന്തരീക്ഷത്തില്‍ ഉംറ സീസണില്‍ ഹറമിലെത്തുമ്പോള്‍ അവരുടെ ആചാരങ്ങള്‍ സുഗമമാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് സന്ദര്‍ശകരോട് സൗദി നേതൃത്വം പുലര്‍ത്തുന്ന കരുതലും സുരക്ഷിതത്വം ഈ തീരുമാനത്തിലൂടെ വെളിവാക്കുന്നതെന്ന് അല്‍ സുദൈസ് പറഞ്ഞു.
സൗദി നേതൃത്വത്തിന്റെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും ആവശ്യമായ എല്ലാ സേവനങ്ങള്‍ നല്‍കുന്നതിനും ഹറം കാര്യാലയം ഹറമില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളുമായും സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇരു ഹറം സംരക്ഷണത്തിനും ശ്രദ്ധയ്ക്കും പിന്തുണക്കും സല്മാന് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും സുദൈസ് നന്ദി പറഞ്ഞു.
തിക്കും തിരക്കും ഒഴിവാക്കാനുള്ള ക്രൗഡ് മാനേജ്മെന്റ് പദ്ധതിക്ക് അനുസൃതമായി സേവനങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ ആരംഭിച്ചതായും തീര്‍ത്ഥാടകര്‍ക്ക് ഉംറ കര്‍മ്മങ്ങള്‍ സുഗമമാക്കുന്നതിന് എല്ലാ നടപടികളും നേരത്തെ കൈകൊണ്ടിട്ടുണ്ടെന്നും ഹറം കാര്യാലയാ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..