Representational Image. Photo: AP
ജിദ്ദ: ഈദ് അവധിക്കാലത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിന് കാരണം യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവും ടിക്കറ്റിനുള്ള ഡിമാന്റുമാണെന്ന് സൗദി സിവില്‍ ഏവിയേഷന്‍ വക്താവ് പറഞ്ഞു. ഈദ് അല്‍-അദ്ഹ അവധിക്കാലത്ത് ആഭ്യന്തര യാത്രാ ടിക്കറ്റുകളുടെ വില വര്‍ധിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് വര്‍ധിച്ചതോടെ ഈദ് അവധിയില്‍ കുടുംബങ്ങള്‍ക്ക് സമീപം ചെലവഴിക്കാന്‍ സൗദി പൗരന്മാര്ക്ക് ഉയര്‍ന്ന ചിലവാണ് വരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയത് കാരണവും അവരുടെ ഫ്ളൈറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും പുറപ്പെടുന്നതിനും ഇടയിലുള്ള സമയക്കുറവും ചൂണ്ടിക്കാട്ടി ടിക്കറ്റ് നിരക്ക് മുമ്പത്തേതിനേക്കാള്‍ ഇരട്ടി വര്‍ധിച്ചതായി യാത്രക്കാര്‍ പറഞ്ഞു.
സ്കൂള്‍ പരീക്ഷ കഴിഞ്ഞുള്ള ആഴ്ചയായതിനാലും അധ്യായന വര്‍ഷത്തിലെ അവധിക്കാലം, പൊതുമേഖലയ്ക്കുള്ള ഈദ് അല്‍-അദ്ഹ അവധി ആരംഭം എന്നിവ കാരണവും യാത്രക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്റ് അനുഭവപ്പെടുകയും അധ്യായന വര്‍ഷത്തിന്റെ അവസാന ആഴ്ചയില്‍ വിമാന കമ്പനികള്‍ കാര്യമായ നേട്ടമുണ്ടാക്കുകയും ചെയ്തു.
അവധിക്കാലമായതിനാല്‍ ആഭ്യന്തര വിമാനടിക്കറ്റുകളുടെ വില 300% വര്‍ധിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ ഔദ്യോഗീക വക്താവ് ഇബ്രാഹിം അല്‍ റൈസ് നിഷേധിച്ചു. ടിക്കറ്റ് നിരക്കുകള്‍ മൂന്നിരട്ടിയായി വര്‍ധിപ്പിക്കുന്ന വാര്‍ത്ത ശരിയല്ല. അവധി ദിവസങ്ങള്‍ പോലെയുള്ള സീസണുകളില്‍ മറ്റ് വിപണികളെപ്പോലെ വ്യോമയാന വിപണിയും വര്‍ധിച്ചുവരുന്ന ഡിമാന്‍ഡിനൊപ്പം വിലയില്‍ ചില ചലനങ്ങള്‍ ഉണ്ടാകുന്നത് സാധാരണയാണ്.
വ്യോമയാന വിപണി സുസ്ഥിരമാക്കുന്നതിനും യാത്രക്കാര്‍ക്ക് അനുയോജ്യമായ ടിക്കറ്റ് നിരക്ക് നല്‍കുന്നതിനും മേഖലയിലെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും നിരീക്ഷണവും തുടര്‍നടപടികളും ശക്തമാക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി താല്‍പ്പര്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മുമ്പ് യാത്രക്കാരുടെ വര്‍ധന കാരണം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ മാത്രം വിശ്രമമുറിയില്‍ പ്രവേശിക്കുക, ടിക്കറ്റില്‍ അനുവദിച്ചിരിക്കുന്ന ഭാരവുമായി ലഗേജ് പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് മുമ്പ് യാത്രക്കാര്‍ വെബ്സൈറ്റ് വഴിയോ ട്രാവല്‍ ഏജന്റ് വഴിയൊ ഇലക്ട്രോണിക് ബോര്‍ഡിംഗ് പാസ് കരസ്ഥമാക്കുക എന്നിവ ഉള്‍പ്പെടെ നിരവധി നടപടിക്രമങ്ങള്‍ പാലിക്കാന്‍ വിമാനത്താവളം അന്ന് വിശദീകരിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..