.
ജിദ്ദ: പാരമ്പര്യത്തിന് മാറ്റം വരുത്തി, 1444 ലെ പുതിയ ഇസ്ലാമിക വര്‍ഷത്തിന്റെ പ്രഭാതത്തില്‍, ശനിയാഴ്ച പുലര്‍ച്ചെ മക്കയിലെ വിശുദ്ധ കഅബക്ക് പുതിയ മൂടുപടമായ കിസ്വ സ്ഥാപിച്ചു.
വര്‍ഷത്തിലൊരിക്കല്‍ ഹജജ് വേളയില്‍ പഴയ കിസ്വ മാറ്റി പുതിയത് സ്ഥാപിക്കാറായിരുന്നു മുന്‍ വര്‍ഷങ്ങളിലൊക്കെ, പ്രത്യേകിച്ചും ദുല്‍ഹിജജ 9 ന് രാവിലെ ഹജജ് തീര്‍ത്ഥാടകര്‍ അറഫാത്ത് പര്‍വതത്തിലേക്ക് പോയതിന് ശേഷമായിരുന്നു കിസ്വ മാറ്റാറുണ്ടായിരുന്നത്.
അടുത്ത ദിവസം ഈദ് അല്‍-അദ്ഹയോട് അനുബന്ധിച്ച്, രാവിലെ ആരാധകരെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പായി പുതിയ കിസ്വ അണിഞ്ഞായിരുന്നു കഅബയുടെ നില്പ്. എന്നാല്‍ കഴിഞ്ഞ മാസമാണ് ഇരു ഹറം ജനറല്‍ പ്രസിഡന്‍സി കിസ്വ മാറ്റുന്ന പാരമ്പര്യ ചടങ്ങിന് മാറ്റം പ്രഖ്യാപിച്ചത്. പുതിയ മാറ്റം അനുസരിച്ചാണ് കിസ്വ മാറ്റുന്ന വാര്‍ഷിക ചടങ്ങ് ഹിജ്റ കലണ്ടറിലെ ആദ്യ ദിവസമായ മുഹറം 1 ന് തലേന്ന് നടന്നത്.
രാജകീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തുന്നതെന്ന് ഇരു ഹറം കാര്യാലയ മേധാവി ഷെയ്ഖ് അബ്ദുള്‍ റഹ്മാന് അല്‍ സുദൈസ് പറഞ്ഞു. ശൈഖ് സുദൈസിന്റെ മേല്‍നോട്ടത്തില്‍ കഅബയുടെ കിസ്വ നിര്‍മ്മിക്കുന്നതിനുള്ള കിംഗ് അബ്ദുല്‍ അസീസ് കോംപ്ളക്സിലെ 200 സൗദി പൗരന്മാരായ സാങ്കേതിക വിദഗ്ധരുടെ സംഘമാണ് ശനിയാഴ്ച പുലര്‍ച്ചെ കിസ്വ മാറ്റി പുതിയത് അണിയിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുതിയ കിസ്വയില് നാല് വശങ്ങള് ഉള്‍ക്കൊള്ളുന്നതാണ്.
പതിനാല് മീറ്റര്‍ ഉയരമുള്ളതാണ് കിസ്വ. പ്രകൃതിദത്തമായ പട്ടിലാണ് നിര്‍മ്മാണം. രണ്ട് കോടിയിലേറെ റിയാലാണ് നിര്‍മ്മാണ ചെലവ്. കിസ്വയുടെ മുകളില്‍ നിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്ട്ടോടു സ്ഥാപിച്ചു. ഇസ്ലാമിക് കാലിഗ്രാഫി കഷ്ണങ്ങള്‍ അടങ്ങിയതാണ് ബെല്‍റ്റ്. നീളം 47 മീറ്റര്‍ വരും. അതേസമയം വെളുത്ത കട്ടികൂടിയ കോട്ടന്‍ തുണി അടങ്ങിയതാണ് കിസ്വയുടെ ഉള്‍വശം. ഓരോ ഭാഗത്തുമായി കഷ്ണങ്ങളായാണ് കിസ്വ തുക്കിയിടുന്നത്. ഒരു കഷ്ണം വാതിലിനു മുന്നില്‍ കര്ട്ടനായിട്ടു. എല്ലാം തൂക്കിയിട്ടശേഷം അഞ്ചുകഷ്ടങ്ങളും പരസ്പരം തുന്നിച്ചേര്‍ക്കുകയും ചെയ്തു.850 കിലോ അസംസ്കൃത പട്ട്, 120 കിലോ വെള്ളി, സ്വര്‍ണ നൂലുകളും ഉപയോഗിച്ചാണ് കിസ്വ നിര്‍മിക്കുന്നത്. കറുപ്പ് ചായം പൂശിയതാണ് പട്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..