പ്രതീകാത്മക ചിത്രം
ദമാം: കൊലപാതക കേസില്‍ ജയിലിലാവുകയും വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്ത കൊല്ലം സ്വദേശി സക്കീര്‍ ഹുസൈന് ജയില്‍മോചനം. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കോട്ടയം സ്വദേശിയെ കുത്തിക്കൊന്ന കേസിലായിരുന്നു ദമാം സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ട് സക്കീര്‍ ഹുസൈന് കഴിഞ്ഞിരുന്നത്. ഈ കേസില്‍ ഒമ്പതു വര്‍ഷത്തോളമായി ജയിലില്‍ കഴിഞ്ഞ ശേഷമാണ് മോചിതനാവുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തത്.
കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗര്‍, എച്ച്.ആന്‍.സി കോമ്പൗണ്ട് സ്വദേശിയാണ് സക്കീര്‍ ഹുസൈന്(32). ദമാമില്‍ ഒരു അലക്കുകടയില്‍ ജീനക്കാരായിരുന്ന ഇയാളും കോട്ടയം കോട്ടമുറിക്കല്‍ ചാലയില്‍ വീട്ടില്‍ തോമസ് മാത്യൂ(27)വും സുഹൃത്തുക്കളായിരുന്നു. 2013 ല്‍ കൂട്ടുകാരുമായി ഒരുമിച്ചു ഓണ സദ്യയുണ്ടാക്കി ഒന്നിച്ച് കൂടിയിരുന്ന് സംസാരിക്കുന്നതിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കങ്ങള്‍ക്കിടെ സക്കീര്‍ ഹുസൈന്, തോമസ് മാത്യുവിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. തോമസ് മാത്യു സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രതിയായ സക്കീര്‍ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. എട്ടു വര്‍ഷത്തെ തടവും, വധശിക്ഷയുമായിരുന്നു കോടതി വിധിച്ചത്. അയല്‍വാസിയായ ജസ്റ്റിന് വിഷയം സാമൂഹികപ്രവര്ത്തകന് ശിഹാബ് കൊട്ടുകാടിന്റെ അറിയിക്കുകയും മോചന ശ്രമം തുടങ്ങുകയും ചെയ്തു. വിഷയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുക്കലെത്തിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ ശ്രമഫലമായി കൊല്ലപ്പെട്ട കുടുംബത്തെ സമീപിക്കുകയും, മാപ്പ് നല്കാന് അപേക്ഷിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട മാത്യുവിന്റെ കുടുംബം ആദ്യം മാപ്പ് നല്കാന് വിസമ്മതിച്ചു. പിന്നീട് നിരന്തര ശ്രമഫലമായി കുടുംബം മാപ്പ് നല്കി. കുടുംബത്തിന്റെ മാപ്പ് അനുമതി പത്രവുമായി ശിഹാബ് കൊട്ടുകാട് ഊദി കോടതിയില്‍ സമര്‍പ്പിച്ചു. നീണ്ട നിയമ പേരാട്ടത്തിനൊടുവില്‍ വധശിക്ഷ ഒഴിവായെങ്കിലും തടവുശിക്ഷ പൂര്‍ത്തിയാക്കേണ്ടതിനാല്‍ അതുവരെ ജയിലില്‍ കഴിയുകയായിരുന്നു.
ജയില്‍ ശിക്ഷ പുര്‍ത്തിയാക്കിയ സക്കീര്‍ ഹുസൈന് കഴിഞ്ഞ ദിവസം സൗദിയില്‍നിന്നും നാട്ടിലേക്ക് മടങ്ങി.
പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ശരിയാക്കുവാന്‍ ഇന്ത്യന്‍ എംബസ്സിയുടെ സേവനം തുടണയായി.ഒമ്പത് വര്‍ഷത്തെ ജയില്‍ ജീവിതത്തിനൊടുവില്‍ വധശിക്ഷയില്‍നിന്നും മോചനം ലഭിച്ച സക്കീര്‍ ഹുസൈന് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ ദയാ കാരുണ്യത്തില്‍ ദമാമില്‍ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ ജീവിതത്തിലേക്ക് തിരിച്ചു പറക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..