ദമ്മാം: രാഹുല്‍ ഗാന്ധിയുടെ വയനാട് എംപി ഓഫീസ് അടിച്ച് തകര്‍ത്ത എസ്എഫ്ഐയുടെയും സിപിഎമ്മിന്റെയും ഗുണ്ടായിസം രാഷ്ട്രീയ തെമ്മാടിത്തമാണെന്നും ഇതിനെതിരെ ദമ്മാം ഒഐസിസി ശക്തമായി പ്രതിഷേധിക്കുന്നതായി റീജ്യണല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സാമഗ്രികള്‍ തകര്‍ത്തതിനൊപ്പം, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തെപ്പോലും നിലത്തുവലിച്ചിട്ട എസ്എഫ്ഐ അഴിഞ്ഞാട്ടം കേരളത്തിനൊന്നാകെ അപമാനമാണ്. അന്വേഷണ ഏജന്‍സികളെ ഉപയോച്ച് മോദി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടുകൂടി എസ് എഫ് ഐ നടത്തിയ ഓഫീസ് ആക്രമണം മോദിയെയും സംഘപരിവാറുകാരെയും സുഖിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും, ഇത് ബിജെപി സിപിഎമ്മിന് നല്കിയ ക്വട്ടേഷനാണെന്നും ദമ്മാം ഒ ഐ സി സി നേതാക്കള്‍ ആരോപിച്ചു.
ബഫര്‍ സോണ്‍ വിഷയത്തില്‍ എം പി എന്നുള്ള നിലയില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുമായി രാഹുല്‍ ഗാന്ധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നിരിക്കെ, ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ട കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റാതെ വയനാട് എം പി യായ രാഹുല്‍ ഗാന്ധിക്കെതിരെ തിരിഞ്ഞത് മോദി - പിണറായി കൂട്ടുകെട്ടിന്റെ അന്തര്‍ധാരയാണ് വ്യക്തമാക്കുന്നത്.
കേരളത്തെ പിടിച്ച് കുലുക്കിയ സ്വര്‍ണ്ണ കള്ളക്കടത്ത് ഉള്‍പ്പെടെയുളള പ്രമാദമായ പല കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിന് മോദി സര്‍ക്കാരിന്റെ സഹായം പിണറായിക്കും സി പി എമ്മിനും ആവശ്യമാണ്. അതിനുവേണ്ടി പിണറായി സര്‍ക്കാരും സിപിഎമ്മും കോണ്‍ഗ്രസ്സിനെതിരെയും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെയും അനാവശ്യ ആക്രമണങ്ങള്‍ അഴിച്ച് വിടുന്നതിന്റെ ഏറ്റവും ഒടുവിലത്തേതാണ് വയനാട്ടിലെ എസ് എഫ് ഐ ഗുണ്ടായിസം. എസ് എഫ് ഐ യുടെ സമരത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്ന് കളവ് പറയുന്ന സി പി എം നേതാക്കള്‍, എസ് എഫ് ഐ യെ നിയന്ത്രിക്കുന്നത് സംഘപരിവാറാണോയെന്ന് വ്യക്തമാക്കണം.
രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുമ്പോള്‍ ഡല്‍ഹിയിലും രാജ്യത്തുടെനീളവും നടന്ന ഐക്യദാര്‍ഢ്യ സമരങ്ങള്‍ സംഘ്പരിവാറിനെപ്പോലെ കേരളത്തിലെ സഖാക്കളെയും അലോസരപ്പെടുത്തുന്നുണ്ടെന്നാണ് രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് ആക്രമണത്തിലൂടെ മനസ്സിലാകുന്നതെന്നും ദമ്മാം ഒ ഐ സി സി നേതാക്കളായ ഹനീഫ് റാവുത്തര്‍, ചന്ദ്രമോഹന്, ഇ.കെ.സലിം, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി എന്നിവര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..