.
റിയാദ്: റിയാദ് ഇന്ത്യന്‍ എംബസി എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. 2014 മുതല്‍, ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി അംഗീകരിച്ചതുമുതല്‍ ആഗോള തലത്തില്‍ വലിയ ആവേശത്തോടെയാണ് ദിനം ആഘോഷിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷവും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75ാം വര്‍ഷവും അനുസ്മരിക്കുന്ന ആസാദികാഅമൃത് മഹോത്സവത്തിന്റെ ആഘോഷത്തോടൊപ്പമാണ് ഈ വര്‍ഷം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. അതിനാല്‍, ഈ വര്‍ഷത്തെ ആഘോഷത്തിന്റെ ഭാഗമായി 75 രാജ്യങ്ങളിലെ ഐക്കണിക് ലൊക്കേഷനുകളില്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള സൂര്യന്റെ ചലനവുമായി ഏകോപിപ്പിച്ച് യോഗ സെഷനുകള്‍ സംഘടിപ്പിക്കുകയും ഡിഡി ന്യൂസിലും മറ്റ് പ്രമുഖ ടിവി ചാനലുകളിലും തത്സമയം സംപ്രേക്ഷണവുമുണ്ട്. റിയാദ് ഇന്ത്യന്‍ എംബസി പരിസരത്ത് നടന്ന പരിപാടി ഗ്ളോബല്‍ യോഗ റിങ്ങിന്റെ ഭാഗമായിരുന്നു. സൗദി പൗരന്മാര്, ഇന്ത്യന്‍ സമൂഹം, വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍, നയതന്ത്രജ്ഞര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
യോഗ ഒരു ആരോഗ്യ പരിശീലനമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ഔദ്യോഗിക സംഘടനയായ സൗദി യോഗ കമ്മിറ്റിയുടെ മേധാവി നൗഫ് അല്‍ മര്‍വായ് ആയിരുന്നു പരിപാടിയുടെ മുഖ്യാതിഥി. യോഗയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ അനുഭവം മര്‍വായ് പങ്കുവെച്ചു. എല്ലാവരേയും അവരുടെ ദിനചര്യയില്‍ യോഗ ഉള്‍പ്പെടുത്താന്‍ അവര്‍ പ്രോത്സാഹിപ്പിച്ചു. കൂടാതെ, ആരോഗ്യ മേഖലയില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തത്തെക്കുറിച്ചും ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് എന്‍ രാം പ്രസാദ് സംസാരിച്ചു. സൗദി അറേബ്യയില്‍ യോഗ ഒരു ജനപ്രിയ പ്രവര്‍ത്തനമായി മാറിയതിനെ അഭിനന്ദിക്കുകയും ചെയ്തു.
2017 നവംബറിലാണ് യോഗ ഒരു കായിക വിനോദമായി പഠിപ്പിക്കുന്നതിനും പരിശീലിക്കുന്നതിനും സൗദി അറേബ്യ അംഗീകാരം നല്‍കിയത്. യോഗ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യന്‍ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെക്കുന്ന ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യമാണ് സൗദി. യോഗാ അധ്യാപനം സുഗമമാക്കാന്‍ സൗദി സര്‍ക്കാര്‍ സൗദി യോഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അടുത്തിടെ, സൗദി യോഗ കമ്മിറ്റി സൗദി അറേബ്യയിലെ ആദ്യത്തെ യോഗ ഫെസ്റ്റിവല്‍ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ നടത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..