എ.പി അബ്ദുള്ളക്കുട്ടി | Photo: facebook.com|abdullakuttyofficial
ജിദ്ദ: ഈ വര്‍ഷത്തെ ആദ്യ ഹജജ് വിമാനം മെയ് 31 ന് ഹാജിമാരുമായി ഇന്ത്യയില്‍ നിന്ന് പുറപ്പെടുമെന്ന് കേന്ദ്ര ഹജജ് കമ്മിറ്റി ചെയര്മാന് എ പി അബ്ദുള്ളകുട്ടി. മദീനയിലേക്കാണ് ആദ്യ ഇന്ത്യന്‍ ഹജ്ജ് വിമാനം പുറപ്പെടുക എന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു. ജിദ്ദയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അബ്ദുള്ളകുട്ടി ഇത് അറിയിച്ചത്.ഇന്ത്യയില്‍ നിന്നും ഹജജ് ചെയ്യാന്‍ അനുമതി ലഭിച്ചത് 79362 പേര്‍ക്കാണ്. 56601 ഹാജിമാര്‍ കേന്ദ്ര ഹജജ് കമ്മിറ്റിക്ക് കീഴില്‍ വരും. അവശേഷിക്കുന്നവര്‍ സ്വകാര്യ ഗ്രൂപ്പുവഴിയാണ് എത്തുക. ഹാജിമാരില്‍ പകുതിയോളം സ്ത്രീകളാണ്. മഹറമില്ലാതെ 1850 സ്ത്രീകളും ഹജജിനെത്തും.
പത്ത് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍നിന്നാണ് ഹാജിമാര്‍ ഇന്ത്യയില്‍നിന്നും ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുക. കേരളം, തമിഴ്നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, മാഹി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ഹാജിമാരും കൊച്ചിയില്‍നിന്നാണ് പുറപ്പെടുക. കേന്ദ്ര ഹജജ് കമ്മിറ്റിക്ക് കീഴിലുള്ള മലയാളികളായ മുഴുവന്‍ ഹാജിമാരും കൊച്ചി വിമാനത്താവളത്തില്‍നിന്നും പുറപ്പെടും. അതേസമയം സ്വകാര്യ ഗ്രുപ്പിലുള്ള മലയാളി ഹാജിമാര്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്നാണ് പുറപ്പെടുക.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, സ്പൈസ് ജെറ്റ്, ഫ്ളൈ നാസ് തുടങ്ങിയ വിമാനങ്ങളാണ് ഇന്ത്യന്‍ ഹാജിമാര്‍ ഉപയോഗിക്കുക. ഹജജ് കര്‍മ്മവുമായി ബന്ധപ്പെട്ട് ഹാജിമാര്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ താമസിക്കുന്ന മക്കയില്‍ അസീസിയയിലാണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്. അസീസിയയില്‍നിന്നും മസ്ജിദുല്‍ ഹറമിലേക്ക് ബസ് സൗകര്യം ഉണ്ടായിരിക്കും. ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനാണ് അബ്ദുള്ളകുടി ജിദ്ദയില്‍ എത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..