പ്രതീകാത്മക ചിത്രം |Photo:AFP
റിയാദ്: 735 ദശലക്ഷം റിയാല്‍ നിക്ഷേപത്തില്‍ 68 പുതിയ വ്യവസായ ലൈസന്‍സുകളാണ് സൗദി വ്യവസായ, ധാതു വിഭവ മന്ത്രാലയം കഴിഞ്ഞ നവംബറില്‍ ഇഷ്യൂ ചെയ്തത്. 2021 നവംബര്‍ അവസാനത്തോടെ സൗദി അറേബ്യയില്‍ നിലവിലുള്ള മൊത്തം വ്യാവസായിക ഫാക്ടറികളുടെ എണ്ണം 10,253 ല്‍ എത്തുകയും ചെയ്തു.
നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് മൈനിംഗ് ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം പുതിയതായി കൂടുതല്‍ വ്യാവസായിക ലൈസന്‍സുകള്‍ നല്‍കിയത് ഭക്ഷ്യ ഉല്‍പന്ന വ്യവസായങ്ങള്‍ക്കാണ്. 14 ലൈസന്‍സുകളാണ് ഭക്ഷ്യ ഉല്‍പന്ന വ്യവസായങ്ങള്‍ക്ക് നല്‍കിയത്.
9 ലൈസന്‍സുകള്‍ രാസവസ്തുക്കളുമായി ബന്ധപ്പെട്ട വൂ്യവസായ മേഖലക്ക് നല്‍കി. സൗദിയുടെ വിവിധ പ്രവിശ്യകള്‍ തിരിച്ച് ലൈസന്‍സ് വിതരണം ചെയ്തത് വിലയിരുത്തിയാല്‍ ഏറ്റവും കൂടുതല്‍ പുതിയ ലൈസന്‍സുകള്‍ നല്‍കിയത് റിയാദ് മേഖലയിലാണ്. റിയാദ് മേഖലയില്‍ 24 ലൈസന്‍സ് നല്‍കിയപ്പോള്‍ കിഴക്കന്‍ മേഖലയില്‍ 17 ലൈസിസുകളും അനുവദിച്ചിട്ടുണ്ട്.
നവംബറില്‍ ഇഷ്യുചെയ്ത പുതിയ വ്യാവസായിക ലൈസന്‍സുകളില്‍ 89 ശതമാനവും ചെറുകിട ഫാക്ടറികളുടേതാണ്. ഇടത്തരം വ്യവസായ ഫാക്ടറികള്‍ മൊത്തം 8.7 ശതമാനമാണ്. പുതിയ ഫാക്ടറികളില്‍ 90 ശതമാനവും ദേശീയതലത്തിലുള്ള ഫാക്ടറികളുടേതാണെന്നും വിദേശ നിക്ഷേപ വിഹിതം ഈ ലൈസന്‍സുകളുടെ 5 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നവംബറില്‍ ഉല്‍പ്പാദനം ആരംഭിച്ച 64 വ്യാവസായിക ഫാക്ടറികളില്‍, റിയാദില്‍ 36ഉം, മക്കയില്‍ 14 ഫാക്ടറികളും ഉള്‍പ്പെടുന്നു. പുതിയതായി പ്രവര്‍ത്തനക്ഷമമായ ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍, ഖനന മേഖല 10 ഫാക്ടറികളുമായി ഒന്നാമതെത്തി. എട്ടെണ്ണമാണ് ഭക്ഷ്യ ഉല്‍പന്ന മേഖലയിലുള്ളത്.
നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫാക്ടറികളിലെ നിക്ഷേപം 1.6 ബില്യണ്‍ റിയാലാണെന്നാണ് കണക്കാക്കപ്പെടുന്നത്. അവിടെ ചെറുകിട ഫാക്ടറികള്‍ 70 ശതമാനത്തിലധികമാണ് വിഹിതം. ഇടത്തരം ഫാക്ടറികള്‍ 26 ശതമാനവുമാണ്. വിദേശ നിക്ഷേപം 10 ശതമാനത്തിലും എത്തിയതായി നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫാക്ടറികളുടെ നിക്ഷേപമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
നവംബറില്‍ വ്യാവസായിക മേഖല 2,383 തൊഴിലവസരങ്ങളാണ് നല്‍കിയത്. അതേ മാസം 3,930 വിദേശ ജീവനക്കാര്‍ ഈ മേഖലയിലെ ജോലി വിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..