-
ജിദ്ദ: കഴിഞ്ഞ മേയ് 30ന് ആരംഭിച്ച 14 ആഴ്ചത്തെ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സായുധസേന വനിതാ കേഡര്‍ പരിശീലന കേന്ദ്രത്തില്‍ നിന്ന് സൗദിയിലെ ആദ്യ വനിതാ സൈനികര്‍ ബിരുദം നേടി.
മികച്ച പരിശീലന പരിപാടികളും പാഠ്യപദ്ധതികളും അനുയോജ്യമായ പഠന അന്തരീക്ഷവും നല്‍കുന്നതില്‍ സെന്ററിന് പ്രധാന ദൗത്യമുണ്ടെന്ന് സായുധ സേന വിദ്യാഭ്യാസ പരിശീലന അതോറിറ്റി മേധാവി മേജര്‍ ജനറല്‍ ആദില്‍ അല്‍ ബലാവി പറഞ്ഞു. വനിതാ റിക്രൂട്ട്മെന്റുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന അന്താരാഷ്ട്ര നിലവാരങ്ങള്‍ക്കനുസൃതമായാണ് കേന്ദ്രം പ്രവൃത്തിക്കുന്നത്. ഭാവിയില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുകയാണ് ഇത് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചീഫ് സാര്‍ജന്റ് സുലൈമാന്‍ അല്‍-മാലിക്കിയുടെ അഭിനന്ദന വാക്കുകള്‍ക്ക് ശേഷം വനിതാ പരിശീലന കേന്ദ്രത്തിന്റെ ആക്ടിംഗ് കമാന്‍ഡര്‍ ഹാദി അല്‍-അനസി ബിരുദധാരികള്‍ക്ക് പ്രതിജ്ഞാവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. ബിരുദധാരികള്‍ക്കുള്ള ഫലങ്ങളും ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളുടെ പേരുകളും പ്രഖ്യാപിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഫയാദ് ബിന്‍ ഹമീദ് അല്‍ റുവൈലിയാണ് ബിരുദദാന ചടങ്ങ് സ്പോണ്‍സര്‍ ചെയ്തത്. സായുധ സേനയുടെ ജോയിന്റ് സ്റ്റാഫ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഹമീദ് അല്‍ ഒമരി മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് സൗദി അറേബ്യ സ്ത്രീകള്‍ക്ക് സൈനിക റിക്രൂട്ട്മെന്റ് ആരംഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..