പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.
റിയാദ്: സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോവിഡ് വാക്സിനേഷന് കുത്തിവെപ്പ് നടത്തിയതായുള്ള സര്‍ട്ടിഫിക്കറ്റില്‍ സൗദി കോണ്‍സുലേറ്റ് സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഇതു സംബന്ധമായി നിരവധി അന്വേഷണങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് എംബസി വ്യക്തത വരുത്തിയത്.
ഇന്ത്യയില്‍നിന്ന് ലഭിക്കുന്ന എല്ലാ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്കും ക്യൂ.ആര് കോഡ് രജിസ്ട്രേഷനുണ്ട്. ക്യൂ.ആര് കോഡ് രജിസ്ട്രേഷനുള്ളതിനാല്‍ അറ്റസ്റ്റേഷന്റെ ആവശ്യമില്ല. ഇക്കാര്യം സൗദി ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
വിദേശ രാജ്യങ്ങളില്‍ നിന്ന് കൊവിഡ് വാക്സിനെടുക്കുന്നവര്‍ വാക്സിന് വിവരങ്ങള്‍ മുഖീം പോര്‍ട്ടലിലും തവക്കല്‍നാ ആപ്സിക്കേഷനിലും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇ-സര്‍വീസസിലും രജിസ്റ്റര്‍ ചെയ്യേണം. ഇക്കാര്യം സൗദി ആരോഗ്യമന്ത്രാലയവും തവക്കല്‍നാ ആപ് അധികൃതരും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ആരോഗ്യമന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും അതിനായില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വാക്സിന് സര്‍ട്ടിഫിക്കറ്റ് സൗദി കോണ്‍സുലേറ്റ് അറ്റസ്റ്റ് ചെയ്യാത്തതിനാലാണ് അപേക്ഷ നിരസിച്ചതെന്നായിരുന്നു പ്രചാരണം. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സികളെ സമീപിച്ചവരും ഉണ്ടായിരുന്നു. ഇത് പല ട്രാവല്‍സുകാരും ചൂഷണം ചെയ്ത് അമിത വില ഈടാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ക്യു ആര് കോഡുള്ളതിനാല്‍ അറ്റസ്റ്റേഷന് ആവശ്യമില്ലെന്നും ഇക്കാര്യം സൗദി ആരോഗ്യമന്ത്രാലയത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..