.jpg?$p=430c1f1&f=16x10&w=856&q=0.8)
.
റിയാദ്: 2021 വര്‍ഷത്തില്‍ സ്ത്രീ പുരുഷന്മാര് അടങ്ങുന്ന മൊത്തം 4,00000 പേര് തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് തൊഴില്പിണയില് ഇത്രയേറെ പേര് പ്രവേശിച്ച് റെക്കോര്‍ഡ് സംഖ്യയിലെത്തുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് സുലൈമാന്‍ അല്‍റാജ്ഹിയാണ് ഇത്സംബന്ധമായ വിവരം പങ്കുവെച്ചത്.
മുന്‍വര്‍ഷം സൗദി തൊഴില്‍ വിപണിയില്‍ പ്രവേശിച്ച പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ആവര്‍ഷത്തെ ബിരുദധാരികളേക്കാള്‍ കൂടുതലാണെന്ന് റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഫോറത്തില്‍ പ്രസംഗിക്കവെ എന്‍ജിനീയര്‍ അല്‍-റാജ്ഹി പറഞ്ഞു. ഇത്രയധികം സ്ത്രീ പുരുഷന്മാര് തൊഴില്‍ വിപണിയില്‍ പ്രവേശിച്ചത് സ്വകാര്യമേഖലയുടെ പിന്തുണയോടെയാണെന്ന് അല്‍-റാജ്ഹി കൂട്ടിച്ചേര്‍ത്തു.
ഫാര്‍മസി, ദന്തചികിത്സ, അക്കൗണ്ടിംഗ്, നിയമം, മാര്‍ക്കറ്റിംഗ് എന്നിവയുള്‍പ്പെടെ നിരവധി ഗുണപരമായ മേഖലകളില്‍ 2021 ല്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 32 മേഖല സൗദിവത്കരിക്കാന്‍ തീരുമാനങ്ങള്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും അതിലിരട്ടിമേഖല പ്രദേശികവത്കരിക്കുവാന് സാധിച്ചു. ഇതിലൂടെ സ്വകാര്യ മേഖലയില്‍ 4,00000 പേര്‍ക്ക് തൊഴില്‍ നല്കാന് കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. 2,00000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. 2022 ല്‍ 30 പുതിയ മേഖലകളില്‍കൂടി സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ജോലികള്‍ നല്ല വരുമാനത്തിന് പുറമേ നല്ല തൊഴില്‍ അന്തരീക്ഷവും ഉള്ളതാണ്. കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വ്യാപാരം, വിതരണ ശൃംഖലകള്‍, കരാര്‍ മേഖല തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളുടെയും മേഖലകളുടെയും ഉണര്‍വിനും ഈ മേഖല സംഭാവന നല്‍കുന്നുണ്ടെന്ന് അല്‍-റാജ്ഹി അഭിപ്രായപ്പെട്ടു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രാദേശികവത്കരണത്തിനായി കഴിഞ്ഞ ജൂലൈയില്‍ ആറ് വിവിധ പദ്ധതികളാണ് പുറപ്പെടുവിച്ചത്. ഇതിനുപുറമെ മനുഷ്യവിഭവശേഷി വികസന ഫണ്ട് വഴി രണ്ട് വര്‍ഷത്തേക്ക് 40% പുരുഷന്മാരുടെയും സ്ത്രീകളടെയും ശമ്പളത്തിന് പരമാവധി 2,000 റിയാല്‍ ധനസഹായം നല്കുവാനും സാധിച്ചു.
തൊഴില്‍ സൃഷ്ടിക്കല്‍ ഒരു യാഥാര്‍ത്ഥ്യമായി മാറുകയും ഞങ്ങള്‍ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ അഭൂതപൂര്‍വമായ എണ്ണത്തില്‍ എത്തിയിരിക്കുകയാണെന്നും എഞ്ചി. അല്‍-റാജ്ഹി പറഞ്ഞു.
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഇതുവരെ 1.95 ദശലക്ഷത്തിലധികം സ്ത്രീപുരുഷന്മാരില് എത്തിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇത് രാജ്യത്തിന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന കേഡര്‍മാര്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന ചരിത്രപരമായ സംഖ്യയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നടപ്പാക്കിയ വിഷന്‍ പദ്ധതികള്‍, പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പ്രോജക്ടുകള്‍, വന്‍കിട ഭവന പദ്ധതികള്‍, കൂടാതെ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം എന്നിവയ്ക്ക് പുറമെ മേഖലാ തന്ത്രങ്ങളിലൂടെയുള്ള പിന്തുണയോടെയുമാണ് ഈ നാഴികക്കല്ല് പിന്നിടാനായതെന്നും എന്‍ജിനീയര്‍ അല്‍-റാജ്ഹി സ്ഥിരീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..