-
മനാമ: ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള കേരള സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ട പ്രവാസികളുടെ നിരവധി ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. പ്രവാസികളെ നാടുമായി ബന്ധിപ്പിക്കുന്നത് സാംസ്കാരിക ഘടകങ്ങള്‍ ആണെന്നും അതുകൊണ്ടുതന്നെ സാഹിത്യം, കല, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളെ കൂടുതല്‍ പങ്കെടുപ്പിക്കേണ്ടതുണ്ടെന്നും രാധാകൃഷ്ണപിള്ള ആവശ്യപ്പെട്ടു. സംഗീതനാടക അക്കാദമി, സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, ഫോക്ക് ലോര്‍ അക്കാദമി, നോര്‍ക്ക തുടങ്ങിയ സ്ഥാപനങ്ങളില്‍ അര്‍ഹരായ പ്രവാസികള്‍ക്ക് പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുന്ന പ്രവാസിമലയാളികള്ക്കു വേണ്ടിയുള്ള നാടക മത്സരം പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയാള ഭാഷാപഠനം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന പാഠശാല അധ്യാപകര്‍ക്ക് ഗ്രാന്റ് നല്‍കുന്നത് പരിഗണിക്കണമെന്നും രാധാകൃഷ്ണപിള്ള മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
മലയാളം മിഷന്റെ ആഭിമുഖ്യത്തിലാണ് ലോകമെമ്പാടുമുള്ള മലയാളം മിഷന് പ്രവര്‍ത്തകരുമായുള്ള മന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചത്. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, മലയാളം മിഷന് ഡയറക്ടര്‍ പ്രൊഫ.സുജ സൂസന് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ബഹ്റൈനില്‍ നിന്നും ചാപ്റ്റര്‍ പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, സോമന് ബേബി, ബിജു എം സതീഷ്, പ്രദീപ് പത്തേരി, ഫിറോസ് തിരുവത്ര, നന്ദകുമാര്‍ എടപ്പാള്‍, മിഷാ നന്ദകുമാര്‍, രജിത അനി തുടങ്ങിയവര്‍ പങ്കെടുത്തു. ബഹ്റൈന്‍ കേരളീയ സമാജം ആണ് ആദ്യമായി ഗള്‍ഫില്‍ മലയാള ഭാഷ പഠനം ആരംഭിച്ചത്. കൂടാതെ 10 വര്‍ഷമായി മലയാളം മിഷന്റെ കീഴില്‍ ആണ് ഇവിടെ ഭാഷ പഠനം നടക്കുന്നത്. 2000 ല്‍ അധികം കുട്ടികള്‍ 7 സെന്ററുകളിലായി പഠനം നടത്തുന്ന ഇവിടെ എണ്‍പതോളം അധ്യാപകരും 100 ല്‍ പരം സന്നദ്ധപ്രവര്‍ത്തകരും ഉണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..