ഫോട്ടോ: ചില്ലയുടെ പ്രതിമാസ വായനയുടെ പുനരാരംഭത്തിന് സ്നേഹ സാദിഖ് തുടക്കം കുറിക്കുന്നു
റിയാദ്: കോവിഡ് മഹാമാരി തീർത്ത രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കേളി കലാസാംസ്കാരിക വേദിയുടെ പൊതു കൂട്ടായ്മയായ ചില്ല സർഗവേദി പ്രതിമാസം നടത്തി വരാറുള്ള 'എന്റെ വായന' റിയാദിലെ ബത്ഹയിൽ പുനരാരംഭിച്ചു. മലയാളത്തിലെ വിഖ്യാതരായ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് കാലത്ത് ചില്ല നടത്തിയ ഓൺലൈൻ സാംസ്കാരിക സംവാദങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു.
അക്ഷരത്തെറ്റ് എന്ന ബാലകഥ അവതരിപ്പിച്ചുകൊണ്ട് സ്നേഹ സാദിഖാണ് മെയ് മാസത്തെ വായന-സംവാദ പരിപാടിക്ക് തുടക്കം കുറിച്ചത്. വിനിൽ പോളിന്റെ 'അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം' എന്ന പുസ്തകത്തിന്റെ വായനാനുഭവം ബീന പങ്കുവെച്ചു. കേരളത്തിന്റെ ചരിത്ര രചനയില്‍ എവിടെയും കാര്യമായി രേഖപ്പെടുത്താതെ പോയ അടിമവ്യവസ്ഥയുടെ ചരിത്രവും ക്രൂരതയും എങ്ങനെ കീഴാള ജീവിതത്തെയും കേരളീയ സാമൂഹ്യജീവിതത്തെയും സ്വാധീനിച്ചു എന്നാണ് പുസ്തകം വിശദീകരിക്കുന്നത്. പ്രസിദ്ധ നൈജീരിയൻ എഴുത്തുകാരൻ ചിന്വ അചേബെയുടെ 'റെഫ്യൂജി മദർ ആൻഡ് ചൈൽഡ്', എസ്.ജോസഫിന്റെ 'ഐഡന്റിറ്റി കാർഡ്' എന്നീ കവിതകളിലെ മനുഷ്യപ്രതിസന്ധികളുടെ വയനാനുഭവം ഷഹീബ വി കെ അവതരിപ്പിച്ചു. കാത്തിരിപ്പിനെ കാവ്യാത്മകമായ ഒരു നോവൽ ശില്പമാക്കി മാറ്റിയ എം.ടി യുടെ 'മഞ്ഞ്' അവതരിപ്പിച്ചത് ലീന കോടിയത്താണ്. സതീഷ് കുമാർ വളവിൽ അവതരിപ്പിച്ച അരുൺ എഴുത്തച്ഛന്റെ 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' എന്ന യാത്രാനുഭവ ഗ്രന്ഥത്തിന്റെ വായന ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തിലെ നിയമവിരുദ്ധതയും, അനീതിയും, ജാതീയതയും വിശദീകരിച്ചു. തഴച്ചു വളരുന്ന ഹിന്ദുത്വ-പുരുഷാധികാര രാഷ്ട്രീയത്തെ അനാവൃതമാക്കിക്കൊണ്ട് കെ ആർ മീര രചിച്ച 'ഘാതകൻ' എന്ന നോവലിന്റെ വായനാനുഭവം മൂസ കൊമ്പൻ അവതരിപ്പിച്ചു.
വായനക്ക് ശേഷം നടന്ന ചർച്ചക്ക് വിപിൻ തുടക്കം കുറിച്ചു. ടി.ആർ.സുബ്രഹ്മണ്യൻ, എം.സതീഷ് കുമാർ, അനിത നസീം, പ്രിയ സന്തോഷ്, റസൂൽ സലാം, നെബു വർഗീസ്, മനോഹരൻ നെല്ലിക്കൽ, അബ്ദുൽ റസാഖ്, രണൻ കമലൻ, വിനയൻ എന്നിവർ ചർച്ച സജീവമാക്കി. എം. ഫൈസൽ ചർച്ച ഉപസംഹരിച്ചു. ചില്ല കോഡിനേറ്റർ സുരേഷ് ലാൽ പരിപാടിയുടെ മോഡറേറ്ററായി. ചില്ലയുടെ സംവാദങ്ങളിൽ സജീവസാന്നിധ്യമായിരുന്ന സുബ്രഹ്മണ്യൻ താഴത്ത്, ജാബിർ പയ്യന്നൂർ എന്നിവരുടെ വേർപാടിൽ ചില്ല അനുശോചനം രേഖപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..