റിയാദ്: ലോകത്താകെ പടര്‍ന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാന്‍ എന്നവണ്ണം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധനയങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും, ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ജൂണ്‍ 16ന് നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും റിയാദ് കേളി കലാസാംസ്കാരിക വേദി.
ലോക്ഡൌണ് മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ടാണ് കഴിഞ്ഞ ഒന്‍പതു ദിവസമായി രാജ്യത്തെ ഇന്ധന വില ദിനേന വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. ക്രൂഡോയിലിന്റെ വിലയില്‍ വന്‍തോതില്‍ ഇടിവുവന്ന സാഹചര്യത്തില്‍ യാതൊരു ന്യായീകരണവുമില്ലാതെയാണ് വില വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്.
കോവിഡ് മഹാമാരിയുടെ മറവില്‍ ലോക് ഡൗണ്‍ ഉപയോഗിച്ച് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുകയും ഫെഡറല്‍ സംവിധാനങ്ങളെ ആകെ അട്ടിമറിച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത് സംസ്ഥാനങ്ങളെ സാമ്പത്തികമായി അടിച്ചമര്‍ത്തുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
20 ലക്ഷം കോടി രൂപയുടെ കോവിഡ് പേക്കേജ് പ്രഖ്യാപിച്ചെങ്കിലും അതില്‍ സാധാരണ ജനങ്ങളെ സഹായിക്കാനുതകുന്ന ഒരു പദ്ധതി പോലും ഉള്‍പ്പെട്ടിട്ടില്ല എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ തൊഴിലാളിവര്‍ഗ്ഗം പൊരുതി നേടിയ എല്ലാ തൊഴില്‍ നിയമങ്ങളും കോവിഡിന്റെ മറവില്‍ റദ്ദാക്കപ്പെടുകയോ അസാധുവാക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്.
ഇത്തരത്തിലുള്ള ജനവിരുദ്ധനയങ്ങള്‍ അവസാനിപ്പിക്കണമെന്നും ആദായനികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപ വീതം ആറുമാസത്തേക്ക് നല്‍കുക, ഒരാള്‍ക്ക് 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പ് വേതനം വര്‍ദ്ധിപ്പിച്ച് 200 ദിവസം ജോലി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂണ്‍ 16ന് 2 ലക്ഷം കേന്ദ്രങ്ങളിലായി 10 ലക്ഷം പേര് പങ്കെടുക്കുന്ന സമരം സിപിഐ (എം) സംഘടിപ്പിക്കുന്നത്. ഈ സമരത്തിന് കേളിയുടെ എല്ലാവിധ പിന്തുണയും നല്‍കുന്നതായി കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..