-
റിയാദ്: 955 ബില്യണ്‍ റിയാല്‍ ചെലവും 1045 ബില്യണ്‍ റിയാല്‍ വരവും 90 ബില്യണ്‍ റിയാല്‍ മിച്ചവും പ്രതീക്ഷിക്കുന്ന അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് സൗദി അറേബ്യ അവതരിപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന മേഖല വികസനത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പ്രഖ്യാപിച്ചത്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 12.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നതാണ് ബജറ്റ്. ബജറ്റ് പ്രകാരം കരുതല്‍ ധനം, വികസന ഫണ്ടുകള്‍, പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നിവ ശക്തിപ്പെടുത്തും. തന്ത്രപരമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്താനും പൊതുകടത്തിന്റെ ഒരു ഭാഗം തിരിച്ചടക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.
2021-ല്‍ ജി.ഡി.പി. വളര്‍ച്ച 4.8 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. അടുത്തവര്‍ഷം അത് 7.4 ശതമാനമായി ഉയരും. വിദ്യാഭ്യാസ മേഖലക്ക് 185 മില്യന്‍, അടിസ്ഥാന വികസനം 42 മില്യന്‍, സുരക്ഷ, ഭരണം എന്നിവക്ക് 101 മില്യന്‍, മുനിസിപ്പല്‍ മേഖല 50 മില്യന്‍, ആരോഗ്യം 138 മില്യന്‍, സൈനികം 171 മില്യന്‍ എന്നിങ്ങനെയാണ് ബജറ്റ് വകയിരുത്തിയിട്ടുള്ളത്.
2021 മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള പ്രവര്‍ത്തനങ്ങളുടെ പ്രകടന സൂചകങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിരക്ക് കൂട്ടിയതിനൊപ്പം സാമ്പത്തിക മേഖല പെട്ടെന്ന് വീണ്ടെടുക്കാനും സാധിച്ചതായും മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.
തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം സൗദി സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിവര്‍ത്തന യാത്ര തങ്ങളുടെ ശ്രദ്ധേയമായ നേട്ടങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുന്നത് തുടരുന്നുവെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ചയും സുസ്ഥിരതയും ഊര്‍ജസ്വലമായ സമൂഹം, സമ്പന്നമായ സമ്പദ്വ്യവസ്ഥ, അഭിലാഷമുള്ള രാഷ്ട്രം എന്നിവയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സാമ്പത്തിക, പരിഷ്‌കാരങ്ങളുടെ ഫലങ്ങളുടെ സ്ഥിരീകരണമാണ് ബജറ്റ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
2021-ല്‍ സൗദി അറേബ്യ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന എണ്ണ ഇതര വരുമാനമാണ് രേഖപ്പെടുത്തിയത്. എണ്ണ ഇതര സമ്പദ്വ്യവസ്ഥയുടെ ബിസിനസ്സ് കാലാവസ്ഥാ സൂചിക ഒക്ടോബറില്‍ 13 ശതമാനത്തിലധികം വളര്‍ന്നു. രാജ്യത്തെ എണ്ണ ഇതര ഉല്‍പ്പാദനം 2022ല്‍ 4.8 ശതമാനവും 2023ലും 2024ലും 5 ശതമാനവും വളരുമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ സ്ഥിരീകരിച്ചു.
2021 മൂന്നാം പാദത്തിന്റെ അവസാനം വരെ ഏകദേശം 5.4% ആയിരുന്ന എണ്ണ ഇതര മേഖലയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചയുടെ ഉയര്‍ന്ന നിരക്ക് സൗദി അറേബ്യ നേടിയെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
2021 ലെ ബജറ്റില്‍ എണ്ണ ഇതര വരുമാനത്തില്‍ രാജ്യം 372 ബില്യണ്‍ റിയാല്‍ എന്ന റെക്കോര്‍ഡ് നിലവാരം കൈവരിച്ചു. ഇത് മൊത്തം ദേശീയ വരുമാനത്തിന്റെ 40% ന് തുല്യമാണ്, അതായത് 930 ബില്യണ്‍ റിയാല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..