പ്രതീകാത്മക ചിത്രം
മക്ക: ചൊവ്വാഴ്ച ആരംഭിച്ച റംസാന് മാസത്തില്‍ തീര്‍ഥാടകര്‍ക്ക് ഒരു തവണ മാത്രമേ ഉംറ നിര്‍വ്വഹിക്കുവാന്‍ അനുമതിയുള്ളൂ എന്ന് ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, വ്രതാനുഷ്ഠാന മാസത്തിലുടനീളം മക്കയിലെ ഹറംപള്ളിയില്‍ അഞ്ച് നിര്‍ബന്ധിത നമസ്ക്കാരങ്ങളും നടത്തുന്നതിന് അനുമതി നേടാമെന്ന് മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആദ്യത്തെ ഉംറ പെര്‍മിറ്റ് നേടിയ തീര്‍ഥാടകര്‍ക്ക് പ്രസ്തുത പെര്‍മിറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ് മറ്റൊരു ഉംറ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയത്തിന്റെ ഇഅ്തമര്‍ന ആപ്ളിക്കേഷന്‍ വെളിപ്പെടുത്തി.
ഹറമില്‍ നിര്‍ബന്ധിത പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്നതിനുള്ള അനുമതിക്കായി തീര്‍ഥാടകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ആരാധകര്‍ക്ക് ഒരു ദിവസത്തെ അഞ്ച് നേരത്തെ പ്രാര്‍ത്ഥനക്കുള്ള അനുമതി ലഭിക്കും.
എന്നാല്‍ ഒന്നില്‍കൂടുതല്‍ ദിവസങ്ങളില്‍ പ്രാര്‍ത്ഥന നടത്തുവാനുള്ള ഒരുമിച്ചുള്ള അനുമതി ഒരപേക്ഷകന് ലഭിക്കില്ല. ആദ്യ ദിവസത്തെ പെര്‍മിറ്റിന്റെ കാലാവധി അവസാനിച്ചതിനുശേഷം രണ്ടാം ദിവസത്തേക്ക് പെര്‍മിറ്റിനായി അപേക്ഷിക്കാവുന്നതാണ്. രാത്രി (ഇശാ) നമസ്ക്കാരത്തിനായി അനുവദിച്ച പെര്‍മിറ്റില്‍ റംസാന് മാസത്തെ പ്രത്യേക രാത്രികാല പ്രാര്‍ത്ഥനയായ താരവീഹ് പ്രാര്‍ത്ഥനയും ഉള്‍പ്പെടുന്നതാണ്.
മക്കയിലെ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും താരവീഹ് ചുരുക്കി നമസ്കാരിക്കാന്‍ സല്മാന് രാജാവ് തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. തറാവീഹ് പ്രാര്‍ഥനകള്‍ 20 റകഅത്തുകളില്‍ നിന്ന് 10 റകഅത്തുകളായി ചുരുക്കുമെന്നും കോവിഡ് പ്രോട്ടോകോള്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കുമെന്നും ഹറം കാര്യാലയ മേധാവി ഷെയ്ഖ് അബ്ദുള്‍ റഹ്മാന് അല്‍ സുദൈസ് പറഞ്ഞു. തീര്‍ഥാടകരെ സേവിക്കുന്നതിലും കൊറോണ വൈറസില്‍ നിന്ന് സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഹറം കാര്യാലയവും മറ്റ് ഏജന്‍സികളും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വിശുദ്ധ റംസാന് മാസത്തില്‍ മക്ക- മദീന വിശുദ്ധ പള്ളികളില്‍ ഉംറയും പ്രാര്‍ത്ഥനയും അധികൃതര്‍ അനുവദിച്ചിരുന്നു. എന്നാല്‍ വിശുദ്ധ പള്ളികളില്‍ ഇതികാഫ് (ആത്മീയ ഏകാന്തത), ഇഫ്താര്‍ ഭക്ഷണം എന്നിവ വിലക്കിയിട്ടുണ്ട്. വാക്സിനേഷന് നല്കിയ 50,000 ഉംറ തീര്‍ഥാടകരെയും ഒരു ലക്ഷം ആരാധകരെയും ഉള്‍ക്കൊള്ളുന്നതിനായി വിശുദ്ധ മാസത്തില്‍ ഹറം പള്ളിയുടെ ശേഷി ഉയര്‍ത്തിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..