ഷിഫാന സലിം
നോമ്പുകാലം നെയ്യ് മണക്കുന്ന വൈകുന്നേരങ്ങളാണ്. കുഞ്ഞായിരിക്കുമ്പോഴേ റംസാനില്‍ നോമ്പെടുക്കുമായിരുന്നു..'നവയ്തു സൗമഅദിന്‍..' ഉമ്മമ്മ ചൊല്ലി തരും,അന്നൊന്നും നിയ്യത്ത് വെക്കുക എന്നാല്‍ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. സംശയങ്ങള്‍ എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ ആരും ഉണ്ടായിരുന്നുമില്ല.
പുലര്‍ച്ചെ എഴുന്നേറ്റ് ഭക്ഷണം കഴിക്കുമ്പോള്‍ സുബ്ഹി ബാങ്ക് കേള്‍ക്കുംവരെ ഉറങ്ങാതിരിക്കുമ്പോള്‍, കുറേ നേരത്തേക്ക് വിശന്നിരിക്കേണ്ടതിനെക്കുറിച്ച് ഞങ്ങളില്‍ കുറച്ചു കുട്ടികളെങ്കിലും ആകുലപ്പെട്ടിരുന്നു. എന്നാലും കുട്ടികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ നോമ്പ് ആരാണ് എടുക്കുക എന്നുള്ള മത്സരമായിരിക്കും. ഒന്നാം നോമ്പ് തൊട്ട് പെരുന്നാളിനെ കുറിച്ചുള്ള സ്വപ്നങ്ങളായിരിക്കും. പുത്തന്‍ വസ്ത്രങ്ങളുടെയും മൈലാഞ്ചിയുടെയും ബിരിയാണിയുടെ മണവും കൂടിച്ചേര്‍ന്ന മദിപ്പിക്കുന്ന മണം ഓര്‍ത്തോര്‍ത്തു കിടക്കും.
നോമ്പുകാലം തുടങ്ങും മുന്‍പ് വീടുകള്‍ വൃത്തിയാക്കാന്‍ ആരംഭിക്കും. മലപ്പുറം ഭാഗങ്ങളില്‍ അതിനെ നനച്ചുകുളി എന്നാണ് പറയുക.മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒരു വിശ്വാസി ഏറ്റവും കൂടുതല്‍ ഒരുങ്ങുന്ന സമയം കൂടിയാണത്.
തങ്ങളെ കേള്‍ക്കാന്‍ സൃഷ്ടാവ് ഏഴാകാശവും കടന്ന് താഴെക്കിറങ്ങി വരുമെന്നും പ്രാര്‍ത്ഥനകള്‍ക്കുത്തരം തരുമെന്നും വിശ്വാസികള്‍ വിശ്വസിക്കുന്നു. എത്ര അടുക്കും ചിട്ടയുമില്ലാതെ ജീവിക്കുന്നവരായാല്‍ പോലും അക്കാലങ്ങളില്‍ ആത്മീയ വഴികളിലേക്ക്, നേരം തെറ്റാതെ പള്ളികളിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. വെറും പട്ടിണി കിടക്കുന്നതിനപ്പുറം മാനസികമായും ആത്മീയമായും ഒരു മനുഷ്യന്‍ ശുദ്ധീകരിക്കേണ്ട മാസമായി എനിക്ക് അക്കാലങ്ങളെ തോന്നാറുണ്ട്.
ഖുര്‍ആന്‍ മത്സരിച്ചോതിയും പള്ളിയില്‍ മുടങ്ങാതെ പോയും ആണ്‍കുട്ടികള്‍ നോമ്പുകാലങ്ങള്‍ ആഘോഷിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ വൈകുന്നേരത്തേക്കുള്ള പത്തിരി പരത്തല്‍ തുടങ്ങിയവക്കുള്ള സഹായം ചെയ്തു കൊടുക്കുകയാകും. അരിപ്പൊടി കൊണ്ട് നേര്‍മയില്‍ ഉണ്ടാക്കുന്ന നൈസ് പത്തിരി, ഇറച്ചിക്കറിയില്‍ തേങ്ങ വറുത്തരച്ചു പാര്‍ന്നു വെച്ചത്, റവ കൊണ്ടുണ്ടാക്കി ചെറിയുള്ളി നെയ്യില്‍ മൂപ്പിച്ചെടുത്ത പായസം, തണ്ണീര്‍മത്തന്റെ തണുപ്പ്... ഇതൊക്കെ ചേര്‍ന്നുള്ള മണവും ബാങ്കിന്റെ ഒച്ചയും അടുക്കളയിലെ തിരക്കും ഒക്കെ നോമ്പ് വൈകുന്നേരങ്ങളുടെ പതിവ് കാഴ്ചകളാണ്.
ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുത്തും ദാനം ചെയ്തും മതവും ജാതിയും നോക്കാതെ ഭക്ഷണം പങ്കുവെച്ചും ഓരോ റംസാനും പുണ്യത്തിന്റെ മാസമാകുന്നു.വിശപ്പിന്റെ രുചിയറിയുവാനും പട്ടിണി കിടക്കുന്നവരുടെ വേദനകള്‍ മനസ്സിലാക്കാനും കൂടെ വേണ്ടിയാണ് നോമ്പെടുക്കല്‍ അനുശാസിക്കുന്നത്.ഓരോരുത്തര്‍ക്കും നോമ്പ് കാലങ്ങള്‍ ഓരോരോ ഓര്‍മകളാണ്. സമൂഹ നോമ്പുതുറകളും സകാത്തു കൊടുക്കലുകളും വാങ്ങലുകളും പുത്തനുടുപ്പുകളും വിശപ്പും അങ്ങനങ്ങനെ മുപ്പതു ദിവസങ്ങള്‍ പോകുന്നതറിയില്ല.
എങ്കിലും വിശപ്പിന്റെ വിളിയോളം പോന്ന മറ്റൊന്നില്ലെന്ന്, പട്ടിണിയാണ് ഏറ്റവും ഭീകരമായ അവസ്ഥയെന്ന് ഒരു പരിധി വരെ നോമ്പുകാലങ്ങള്‍ മനുഷ്യന്റെ മനസ്സില്‍ പറഞ്ഞുവെച്ചു പോകുന്നുണ്ട്.
Content Highlights: ramzan 2022 shifana salim writes about her ramzan memories


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..