
-
ദോഹ: ഏഷ്യന്‍ ടൗണില്‍ വച്ച് നടന്ന പ്രൗഢോജ്വല ചടങ്ങില്‍ ഹിസ് എക്സലന്‍സി ഇന്ത്യന്‍ അംബാസഡര്‍ പി കുമാരന് എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ദോഹയിലെ പ്രസിദ്ധമായ സ്പോര്‍ട്സ് അക്കാഡമി ആയ അബ്സല്യൂട് സ്പോര്‍ട്സ് അക്കാഡമിയുമായി സഹകരിച്ചാണ് ധോണി അക്കാഡമി പ്രവര്‍ത്തിക്കുക.
''തിരിച്ചുനല്‍കുക'' എന്ന ലളിതമായ സ്ലോഗനോട് കൂടി ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി, ആര്‍ക്കാ സ്പോര്‍ട്സിന്റെ ഭാഗമാണ്. ഇന്ത്യയിലും വിദേശത്തും സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് 2014 ല്‍ ആര്‍ക്കാ സ്പോര്‍ട്സ് സ്ഥാപിതമായത്. കായികതാരം മിഹിര്‍ ദിവാകറാണ് ആര്ക്ക സ്പോര്‍ട്സ് സ്ഥാപിച്ചത്. ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായിരുന്നു മിഹിര്‍.
മുഖ്യാതിഥി ഇന്ത്യന്‍ അംബാസിഡര്‍, പി കുമാരന്, ഉദ്ഘാടന പ്രസംഗത്തില്‍ പ്രൊഫഷണല്‍ പരിശീലനത്തിന്റെ പ്രാധാന്യം, കഴിവുകള്‍ തിരിച്ചറിയുക, ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്നിവയെക്കുറിച്ച് സംസാരിച്ചു. എംഎസ് ധോണിയെ അസാധാരണവും ആകര്‍ഷകവുമായ വ്യക്തിത്വമെന്ന് അദ്ദേഹം പ്രശംസിച്ചു. എംഎസ്ഡിസിഎ ഖത്തറിലേക്ക് നിലവാരമുള്ള ക്രിക്കറ്റ് പരിശീലനം കൊണ്ടുവരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തിലുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐഎസ്സി) വഴി ഖത്തറിലെ കായിക വികസനത്തിന് എല്ലാ പിന്തുണയും അംബാസഡര്‍ വാഗ്ദാനം ചെയ്തു.
അംബാസഡറിനു പുറമേ, വെസ്റ്റ് എന്‍ഡ് സ്റ്റേഡിയത്തിന് സമീപമുള്ള ക്രിക്കറ്റ് നെറ്റ്കളുടെ ഉദ്ഘാടന ചടങ്ങില്‍ ക്യാപ്റ്റന്‍ കപില്‍ കൗഷിക്, (ഡിഫന്‍സ് അറ്റാഷെ , ഇന്ത്യന്‍ എംബസി), പി എന്‍ ബാബുരാജന് (പ്രസിഡന്റ് - ഐ ബി പി സി), ഇ.പി. അബ്ദുള്‍ റഹ്മാന് (വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍), സഫീറഹ്റഹ്മാന് (സെക്രട്ടറി, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ) എന്നിവര്‍ സംബന്ധിച്ചു.
ഐഎസ്സി വൈസ് പ്രസിഡന്റ് ഇ പി അബ്ദുള്‍റഹ്മാന്‍ ഖത്തറില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് പരിശീലനത്തിന്റെ അഭാവത്തെക്കുറിച്ച് സംസാരിച്ചു. എംഎസ്ഡിസിഎക്ക് ഐഎസ്സിയില് നിന്ന് പൂര്‍ണ്ണ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. എംഎസ് ധോണി ക്രിക്കറ്റ് അക്കാദമിക്രിക്കറ്റിന്റെ പരിശീലനത്തിനും വികസനത്തിനും പൂര്‍ണ സജ്ജമാണെന്ന് ചടങ്ങില്‍ സംസാരിച്ച ചീഫ് കോച്ച് മന്ദര്‍ ദാല്‍വി അറിയിച്ചു .എല്ലാ ആധുനിക സാങ്കേതികവിദ്യയും, ഉയര്‍ന്ന നിലവാരത്തിലുള്ള കോച്ചിംഗ് സൗകര്യവും സര്‍ട്ടിഫൈഡ് കോച്ചുകളും കൊണ്ട് അനുഗ്രഹീതമാണ് എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി. ഫുട്ബോളിനും ബാഡ്മിന്റണിനും പ്രീമിയര്‍ കോച്ചിംഗ് വാഗ്ദാനം ചെയ്യുന്ന പ്രസിദ്ധമായ അക്കാദമിയാണ് അബ്സല്യൂട് സ്പോര്‍ട്സ്. ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റണ്‍ പരിശീലകരായ പ്രകാശ് പദുകോണ്‍ അക്കാദമിയുടെ ഖത്തറിലെ പ്രയോജകരാണ് അബ്സല്യൂട് സ്പോര്‍ട്സ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..