Pravasi Legal Cell
മനാമ: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ജോസ് അബ്രഹാം നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രധാനമായ ഹൈക്കോടതി വിധി വന്നിട്ടുള്ളത്. ഡല്‍ഹി ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍ അധ്യക്ഷനായ ജസ്റ്റിസ് ജ്യോതി സിംഗ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. പ്രവാസി ലീഗല്‍ സെല്ലിനു വേണ്ടി അഡ്വ. ശ്രീവിഘ്‌നേഷ് ഹാജരായി.
പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്കു കൂടി ധനസഹായം നല്‍കുക, കോവിഡ് മൂലം വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കണക്കുകള്‍ കൃത്യമായി ശേഖരിച്ച് തുടര്‍ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര മിഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുക, കോവിഡ് മൂലം വിദേശത്ത് മാതാപിതാക്കള്‍ മരണപ്പെട്ട പ്രവാസികളുടെ ഇന്ത്യക്കാരായ കുട്ടികള്‍ക്ക് പിഎം കെയര്‍ ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കുക എന്നീ വിഷയങ്ങള്‍ പ്രവാസി ലീഗല്‍ സെല്‍ ഉന്നയിച്ചിരുന്നു.
ജൂലൈ ആദ്യ വാരത്തിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോരിറ്റി അധ്യക്ഷന്‍ കൂടിയായ പ്രധാനമന്ത്രി, മെംബര്‍ സെക്രട്ടറി എന്നിവര്‍ക്ക് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ബഹ്‌റൈന്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത് എന്നിവര്‍ ചേര്‍ന്ന് നിവേദനം സമര്‍പ്പിച്ചിരുന്നു. സുപ്രീം കോടതി ആദ്യം അനുവദിച്ച സമയപരിധി തീര്‍ന്നിട്ടും പ്രവാസികള്‍ക്ക് അനുകൂലമായ നിലപാട് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് വൈകിയതിനാലാണ് പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചതും ഇപ്പോള്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതും.
ഇന്ത്യന്‍ ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലിക അവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികളായ ഇന്ത്യന്‍ പൗരന്മാര്‍ക്കും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍ പൂര്‍ണ്ണമായ അവകാശമുണ്ടെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കി നിര്‍ത്തുന്നത് ഭരണ ഘടനയുടെ 14-ാം വകുപ്പായ 'തുല്യത' യുടെ ലംഘനമായി പരിഗണിക്കാവുന്നതാണ്. പ്രവാസികള്‍ക്കും സര്‍ക്കാര്‍ പദ്ധതികളില്‍ സാധാരണ പൗരന്മാര്‍ക്കുള്ള അര്‍ഹത ഉള്ളതിനാല്‍ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ട വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ കുടുംബാംഗങ്ങളേയും ആനുകൂല്യത്തിനായി പരിഗണിക്കേണ്ടതാണ്. മറിച്ച് ഏതെങ്കിലും വേര്‍തിരിവ് പവാസികളുടെ കാര്യത്തിലുണ്ടായാല്‍ ഭരണഘടന ലംഘനമാണെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.
വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു കൊണ്ടാണ് ഹൈകോടതിയുടെ വിധി വന്നിട്ടുള്ളത്. ആയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ബഹ്‌റൈന്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത്, ബഹ്‌റൈന്‍ കോഓര്‍ഡിനേറ്റര്‍ അമല്‍ ദേവ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..