Pravasi Legal Cell
മനാമ: ലോക്ക്ഡൗണിനെ തുടര്‍ന്നു റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകള്‍ക്കു മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവായതായി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈന്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത്, അമല്‍ദേവ് എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി പുറപ്പെടുവിക്കേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്ക്‌ഡോണിനെ തുടര്‍ന്നു ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടതിനെത്തുടര്‍ന്നു എല്ലാ യാത്രക്കാര്‍ക്കും മുഴുവന്‍ തുകയും മടക്കി നല്‍കാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ നിലപാടറിയിച്ച കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വിധി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇതനുസരിച്ചു ലോക്ഡൗണ്‍ സമയത്തു ബുക്ക് ചെയ്ത മുഴുവന്‍ ടിക്കറ്റുകള്‍ക്കും റദ്ദു ചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവന്‍ തുകയും മൂന്ന് ആഴ്ചക്കകം വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ടതാണ്. ലോക്ക് ഡൗണിനു മുന്‍പ് ബുക്ക് ചെയ്ത ടിക്കറ്റുകളെ സംബന്ധിച്ചും മൂന്ന് ആഴ്ചക്കകം തുക തിരിച്ചു നല്‍കേണ്ടതാണ്.
എന്നാല്‍ വിമാനക്കമ്പനികള്‍ക്കു സാമ്പത്തീക ബുദ്ധിമുട്ടുണ്ടെങ്കില്‍ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരില്‍ നല്‍കേണ്ടതും ക്രഡിറ് ഷെല്ലിലെ പണമുപയോഗിച്ചു യാത്രക്കാര്‍ക്ക് 2021 മാര്‍ച്ച് മാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരവുമുണ്ട്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാത്തവര്‍ക്ക് മാര്‍ച്ചു 31 നകം 75 % മാസ പലിശയോടെ (വര്‍ഷം 9 %) തുക തിരുച്ചു നല്‍കണമെന്നും വിധിയില്‍ പറയുന്നു.
ഇന്ത്യയിലെ മുഴുവന്‍ ആഭ്യന്തര യാത്രകള്‍ക്കും ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന എല്ലാ അന്താരാഷ്ട്ര വിമാനയാത്രകള്‍ക്കും മേല്‍പറഞ്ഞ രീതി ബാധകമാക്കണമെന്നും വിധിയില്‍ പറയുന്നു. കോവിഡ് കാലത്തു റദ്ദു ചെയ്യപ്പെട്ട മുഴുവന്‍ ടിക്കറ്റുകള്‍ക്കും ഫുള്‍ റീഫണ്ട് നല്‍കാനുള്ള സുപ്രീം കോടതി വിധി പ്രവാസികളുള്‍പ്പെടെ ഉള്ളവര്‍ക്ക് വലിയ ആശ്വാസമാണെന്നു ഹര്‍ജി നല്‍കിയ പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ വിലയിരുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..