പ്രധാനമന്ത്രി നരേന്ദ്ര മോദി ശൈഖ് നഹ്യാനെ വാരിപുണരുന്നു |ഫോട്ടോ:ANI
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. അബുദാബിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് വിമാനാത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചത്. പ്രധാനമന്ത്രി മോദി, ശൈഖ് നഹ്യാനെ വാരിപ്പുണര്‍ന്നു. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ നാലാമത്തെ യുഎഇ സന്ദര്‍ശനമാണിത്.
യു.എ.ഇ. പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ നേരിട്ട് അനുശോചനം അറിയിച്ചതിനൊപ്പം പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്തു ഇന്ത്യന്‍ പ്രധാനമന്ത്രി. വൈകീട്ടോടെ പ്രധാനമന്ത്രി മോദി ഡല്‍ഹിയിലേക്ക് പോകുകയും ചെയ്തു.
ജര്‍മനയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎഇയിലെത്തിയത്. യുഎഇയില്‍ മറ്റ് പൊതുപരിപാടികളിലൊന്നും പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല.
2015, 2018, 2019 വര്‍ഷങ്ങളിലാണ് ഇതിനുമുന്‍പ് മോദി യു.എ.ഇ. യിലെത്തിയത്. യു.എ.ഇ. സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ 'ഓര്‍ഡര്‍ ഓഫ് സായിദ്' ഏറ്റുവാങ്ങാനാണ് അദ്ദേഹം ഇതിനുമുമ്പ് യു.എ.ഇ. യിലെത്തിയത്.
പ്രധാനമന്ത്രിയുടെ യു.എ.ഇ. യിലേക്കുള്ള പുതിയ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യവുമുണ്ട്. പ്രവാചകനെതിരായ പരാമർശത്തിന്‍റെ പേരില്‍ ഇന്ത്യയുടെ ഭരണ നേതൃത്വത്തിലുള്ള പാര്‍ട്ടി ലോകരാജ്യങ്ങളില്‍നിന്ന്, പ്രത്യേകിച്ച് ഗള്‍ഫില്‍നിന്ന് വലിയ എതിര്‍പ്പുകളാണ് നേരിട്ടത്. യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു.
Content Highlights: PM narendramodi reaches United Arab Emirates after attending G7 Summit in Germany
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..