പ്രതീകാത്മക ചിത്രം | Photo : STR | AFP
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി അനുമതി ലഭിച്ച ഹാജിമാരില്‍ ആദ്യ സംഘം മക്കയിലെ ഹറമിലെത്തി. ഹജ്ജ് കര്‍മ്മത്തിനായി മിനായില്‍ പോകുന്നതിന്റെ മുന്നോടിയായാണ് ഹാജിമാരിലെ ആദ്യ സംഘം ത്വാവാഫുല്‍ ഖുദൂമിനായി വിശുദ്ധ ഹറമിലെത്തിയിട്ടുള്ളത്. ഹറമില്‍ ഇന്ന് (ശനിയാഴ്ച) പുലര്‍ച്ചെയാണ് ആദ്യ തീര്‍ഥാടക സംഘം എത്തിയത്.
കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളടക്കം ഹാജിമാര്‍ക്ക് സുരക്ഷിതമായി ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള കുറ്റമറ്റ ഒരുക്കങ്ങളാണ് ഇരു ഹറംകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്. മാസ്ക് ധരിച്ചും ശാരീരിക അകലം പാലിച്ചുമാണ് ഹാജിമാര്‍ ഹറമിലെത്തിയിട്ടുള്ളത്. ഹാജിമാര്‍ ഒരുമിച്ച് കൂടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അല്‍-നവാരിയ, അല്‍ സായിദി, അല്‍-ശരീഅ, അല്‍-ഹദ എന്നീ നാല് കേന്ദ്രങ്ങളിലൂടെയാണ് തീര്‍ഥാടകരെ സ്വീകരിക്കുന്നത്. ഹാജിമാരെ സ്വീകരിക്കുന്നതിനായി 500 ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ മുതല്‍ സജീവമാണ്.
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ത്വവാഫ് കഴിഞ്ഞതിനു ശേഷം ഹാജിമാരെ അല്‍ മര്‍വ ഗേറ്റ് വഴിയായിരിക്കും പുറത്തേക്ക് വിടുക. പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് ഹജ്ജ്- ഉംറ മന്ത്രാലയം ഹാജിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ലഭ്യമാക്കിയ ഇലക്ട്രോണിക് പ്രോഗ്രാമുകളുടെ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ വൃത്തിയാക്കല്‍, ആവശ്യമായ സാധനങ്ങള്‍ സുരക്ഷിതമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഹാജിമാര്‍ സൂഷ്മത പാലിക്കണം.
ഹാജിമാര്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ ഒരു യൂണിറ്റില്‍ 20 വീതം അംഗങ്ങളായാണ് ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുക. ഈ വര്‍ഷം തെരഞ്ഞെടുത്ത വിവിധ രാജ്യക്കാരായ 60,000 ആഭ്യന്തര തീര്‍ത്ഥാടകരാണ് ഹജജ് നിര്‍വ്വഹിക്കുന്നത്.
Content Highlights: Pilgrims arrive in Mecca for second Hajj during COVID pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..