ഒഐസിസി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഉമ തോമസിന്റെ വിജയം ഒഐസിസി ഓഫീസിൽ വച്ച് ആഘോഷിക്കുന്നു | Photo: Pravasi mail
മനാമ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷം നടത്തിയ ഗൂഡാലോചനക്ക് എതിരെ ജനം നടത്തിയ വിധിയെഴുത്താണെന്ന് ഒഐസിസി ബഹ്റൈന്‍. തൃക്കാക്കരയില്‍ പരാജയം മുന്‍ കൂട്ടി കണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് കത്തോലിക്ക സഭയുടെ ഉടമസ്ഥതയില്‍ ഉള്ള ലിസി ഹോസ്പിറ്റലില്‍ വച്ച് വാര്‍ത്താ സമ്മേളനം നടത്തി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
ജനാധിപത്യ മതേതര വിശ്വാസികളായ തൃക്കാക്കരയിലെ ജനങ്ങള്‍ ഐക്യജനാധിപത്യ മുന്നണിയുടെ പിന്നില്‍ അണിനിരക്കാന്‍ ഇത് പ്രധാന കാരണമായി. കൂടാതെ എറണാകുളം ജില്ലയില്‍ നടന്നിട്ടുള്ള എല്ലാ വികസനത്തിന്റെയും പിന്നില്‍ ഐക്യജനാധിപത്യ മുന്നണി ആണെന്ന് അവിടെ അധിവസിക്കുന്നവരോട് പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. ജില്ലക്ക് പുറത്ത് നിന്ന് വന്ന മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും പറയുന്ന കാര്യങ്ങള്‍ അവിടുത്തെ വോട്ടറന്മാര് മുഖവിലക്ക് എടുത്തില്ല എന്നതാണ് സത്യം.
സംസ്ഥാനത്തെ വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന പ്രശ്നങ്ങള്‍, ഗുണ്ടാ വിളയാട്ടം, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച നടത്താതെ സില്‍വര്‍ ലൈന്‍ പദ്ധതി മാത്രം ചര്‍ച്ച ചെയ്ത ഭരണാധികാരികള്‍ തൃക്കാക്കരയിലെ ജനവിധി മാനിച്ചുകൊണ്ട് സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ തയാറാകണം എന്നും ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു . ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ഉണ്ടാകുകയില്ല, കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കാന്‍ മാത്രമേ ഈ പദ്ധതി ഉപകരിക്കുകയുള്ളൂ.
തൃക്കാക്കരയിലെ ജനങ്ങളെ ജാതിയുടെയും, മതത്തിന്റെയും പേരില്‍ വിഭജിക്കുവാനും, എല്ലാ ജാതി, മത സംഘടനകളുടെയും പേരില്‍ സര്‍ക്കാരിന്റെ സൗജന്യം പറ്റുന്ന ആളുകളെ കൊണ്ട് ഇടതു പക്ഷത്തിന് അനുകൂലമായി പ്രചാരണം നടത്തുവാന്‍ ശ്രദ്ധിച്ച സര്‍ക്കാര്‍ കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ആണ് ശ്രമിച്ചത്. അതില്‍ നിന്ന് എന്തെങ്കിലും ലാഭം ലഭിക്കുമോ എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനം ആണ് തൃക്കാക്കരയില്‍ ഉണ്ടായ വിജയത്തിന്റെ പ്രധാനകാരണം. കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന ബി ജെ പി ക്ക് മതേതര കേരളം നല്കുന്ന മുന്നറിയിപ്പാണ് തൃക്കാക്കരയില്‍ വിജയം എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഉപ തെരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയില്‍ യു ഡി എഫ് നേടിയ ഉജ്വല വിജയം മതേതര കേരളം ഐക്യ ജനാധിപത്യ മുന്നണിക്ക് ഒപ്പമാണെന്ന് തെളിയിക്കുന്നതാണെന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം അഭിപ്രായപെട്ടു. സംസ്ഥാന, കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് നേരിട്ട തെരഞ്ഞെടുപ്പില്‍ ജാതി, മത, വര്‍ഗീയ ശക്തികള്‍ എല്ലാം ഐക്യ ജനാധിപത്യമുന്നണിക്ക് എതിരെ ആയിരുന്നു. പി ടി തോമസ് എക്കാലവും ഉയര്‍ത്തി പിടിച്ച മൂല്യങ്ങള്‍ തൃക്കാക്കരയിലെ ജനങ്ങള്‍ എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കും എന്നതിന് തെളിവാണ് ഉപ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷം എന്നും രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..