മസ്കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസികളായ യുവതീയുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി കഴിഞ്ഞ രണ്ടുമാസമായി നടത്തി വരുന്ന സാഹിത്യോത്സവിന്റെ ഗള്‍ഫ് ഫിനാലെ മാര്‍ച്ച് 13ന് നടക്കും. ആര്.എസ്.സി. സാംസ്കാരിക വിഭാഗമായ കലാലയം സാംസ്കാരിക വേദി അതാത് രാജ്യങ്ങളില്‍ സജ്ജമാക്കുന്ന പ്രത്യേക സ്റ്റുഡിയോകള്‍ വഴി അവതരിപ്പിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്ന പരിപാടികള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ കലാലയം ഗള്‍ഫ് ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തല്‍സമയം ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഗള്‍ഫ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. സൗദി ഈസ്റ്റ്, സൗദി വെസ്റ്റ്, യു.എ.ഇ., ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് മത്സരിച്ച് ഒന്നാമതെത്തിയ പ്രതിഭകളാണ് ഗള്‍ഫ് തലത്തില്‍ മാറ്റുരക്കുന്നത്. 8 വിഭാഗങ്ങളിലായി 58 ഇനങ്ങളില്‍ 408 പ്രതിഭകള്‍ മത്സരിക്കും. ഇതിനകം യൂണിറ്റ് മുതല്‍ 12,739 പ്രതിഭകള്‍ ഈ വര്‍ഷം സാഹിത്യോത്സവിന്റെ ഭാഗമായിട്ടുണ്ട്.
ഗള്‍ഫിലെ സാഹിത്യോത്സവിന്റെ പതിനൊന്നാമത് പതിപ്പില്‍ വെര്‍ച്വല്‍ റിയാലിറ്റിയെ ഉപയോഗപ്പെടുത്തി കലാസ്വാദനത്തിന് പുതിയ രൂപം പകരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആര്.എസ്.സി. വിപുലവും നൂതനവുമായ ഒരുക്കങ്ങളോടെ സംവിധാനിക്കുന്ന ഗള്‍ഫ് സാഹിത്യോത്സവില്‍ കഥ, കവിത, ഭാഷാ പ്രസംഗങ്ങള്‍, മാപ്പിളപ്പാട്ട്, ചിത്ര രചനകള്‍, പ്രബന്ധം, കൊളാഷ്, മാഗസിന് ഡിസൈന്‍, സോഷ്യല്‍ ട്വീറ്റ് തുടങ്ങിയ മത്സരങ്ങള്‍ക്ക് പുറമെ മറ്റു ലൈവ് ഷോകളും സാഹിത്യ ചര്‍ച്ചയും സാംസ്കാരിക പ്രഭാഷണങ്ങളും അരങ്ങേറും.
സാഹിത്യോത്സവില്‍ മത്സരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേകം സംവിധാനിച്ച ലൈവ് സ്റ്റുഡിയോകള്‍ വഴി തിരഞ്ഞെടുക്കപ്പെട്ട പരിപാടികള്‍ നേരിട്ടവതരിപ്പിക്കാനും പൊതുജനത്തിന് ബിഗ് സ്ക്രീനില്‍ പരിപാടികള്‍ ആസ്വദിക്കാനും സൗകര്യമുണ്ടാകും. അബൂബക്കര്‍ അസ്ഹരി, അലി അക്ബര്‍, ജാബിറലി പത്തനാപുരം, ശമീം കുറ്റൂര്‍ തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ പരിപാടിയില്‍ പങ്കെടുക്കും.വിവരങ്ങള്‍ക്ക് www.rsconline.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ലൈവ് സംപ്രേഷണം - യുട്യൂബ് ചാനല്‍ ലിങ്ക് https://www.youtube.com/kalalayamgulf. ഫേസ്ബുക്ക് പേജ് ലിങ്ക് https://www.facebook.com/kalalayamgulf
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..