.
മക്ക: കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സേവനം നിര്‍ത്തിവെച്ച മശാഇര്‍ മെട്രോ, സര്‍വീസിന് വീണ്ടും സജീവമായി. ഹാജിമാര്‍ക്ക് സേവനമൊരുക്കാന്‍ മശാഇര്‍ മെട്രാ സജ്ജമായതായി പൊതുഗതാഗത വകുപ്പ് വ്യക്തമാക്കി. ഈവര്‍ഷം മൂന്നര ലക്ഷം ഹാജിമാര്‍ക്കാണ് മശാഇര്‍ സേവനം ലഭിക്കുക. മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യ സ്ഥലങ്ങള്ക്കിടയിലാണ് മെട്രോസേവനം ഉണ്ടാവുക. ഇവിടങ്ങളില്‍ 9 സ്റ്റേഷനുകളാണ് ഉള്ളത്. 17 ട്രെയിനുകളുമാണ് സേവനത്തിനുണ്ടാവുക.
6.65 ബില്യണ്‍ റിയാല്‍ ചെലവിലാണ് ചൈനീസ് കമ്പനി വഴി 2008 ല്‍ മശാഇര്‍ ട്രെയിന്‍ പദ്ധതിയുടെ നടത്തിപ്പ് ആരംഭിച്ചത്. 2010 നവംബറില്‍ പദ്ധതി പൂര്‍ത്തിയായി. മണിക്കൂറില്‍ 72,000 യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം ലഭ്യമാക്കി. 7,000 ത്തിലധികം പുരുഷ-സ്ത്രീ ജീവനക്കാര്‍ക്ക് ജോലിയും നല്കി.
മശാഇര്‍ ട്രെയിനിന്റെ റൂട്ട് ഏകദേശം 18.1 കിലോമീറ്ററാണ്, 9 സ്റ്റേഷനുകളിലൂടെ കടന്നുപോകുന്നു. ഓരോ സ്റ്റേഷനും 300 മീറ്റര്‍ നീളമുണ്ട്. മക്കയില്‍ നിന്ന് ആരംഭിച്ച് അറഫാത്തിലെ 3 സ്റ്റേഷനുകള്‍, മുസ്ദലിഫയിലെ 3 സ്റ്റേഷനുകള്‍, തുടര്‍ന്ന് മിനയില്‍ തുടക്കത്തില്‍, നടുവില്‍, ജംറ പാലത്തിനടുത്ത് അവസാന സ്റ്റോപ്പ് എന്നിങ്ങനെ മിനായില്‍ മൂന്ന് സ്റ്റേഷനുകള്‍ ആണ് മശാഇര്‍ ട്രെയിനിനുള്ളത്.
2021 മാര്‍ച്ചില്‍, റോയല്‍ കമ്മീഷന് മക്കയിലെ വിശുദ്ധ നഗരത്തിനും മറ്റ് വിശുദ്ധ സ്ഥലങ്ങള്‍ക്കും ഇടയില്‍ ട്രെയിന്‍ സേവനത്തിനു സൗദി റെയില്‍വേ കമ്പനിയായ 'സാര്‍'' യുമായുള്ള കരാര്‍ ഒപ്പിട്ടു. 5 വര്‍ഷത്തേക്കാണ് അറ്റകുറ്റപ്പണിയും പ്രവര്‍ത്തനവും അടക്കമുള്ള സേവന നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്.
2026-ഓടെ പരിശീലനം ലഭിച്ച ദേശീയ കേഡര്‍മാരെ ഉപയോഗിച്ച് മശാഇര്‍ ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ സൗദി പൗരന്മാര്ക്ക് വൈദഗ്ധ്യം നല്കി. 2030 ഓടെ അതിന്റെ പ്രവര്‍ത്തന ശേഷി 5 ദശലക്ഷം തീര്‍ത്ഥാടകരായി ഉയര്‍ത്തുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായി, രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, എല്ലാ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കിയിരിക്കയാണ്. ഈ വര്‍ഷത്തെ ഹജ്ജില്‍ സേവനം നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി 'സാര്‍' കമ്പനി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..