പ്രവാസി വെൽഫെയർ മനാമ സോൺ മനാമ കെ. സിറ്റിയിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം
മനാമ: ഭക്ഷണവും വസ്ത്രവും പോലും കൊലക്ക് കാരണമായി തീരുന്ന വർത്തമാനകാലത്ത് സൗഹൃദവും സംവാദവും കൊണ്ടാണ് പ്രതിരോധം തീർക്കേണ്ടത് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം. മുഹമ്മദലി. പ്രവാസി വെൽഫെയർ മനാമ സോൺ മനാമ കെ. സിറ്റിയിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ബഹുസ്വരത നേരിടുന്ന വെല്ലുവിളിക്കെതിരെയുള്ള പ്രതിരോധം സൗഹൃദമാണ്. വ്യത്യസ്ത ആശയാദർശങ്ങൾ വെച്ച് പുലർത്തുന്നവർക്ക് സ്നേഹസംവാദത്തിന്റെ ലോകത്ത് വെച്ച് മാത്രമേ പരസ്പരം സംവദിക്കാൻ കഴിയൂ. അതുകൊണ്ട് സൗഹൃദമാണ് മനുഷ്യബന്ധത്തിലെ ഭൂമിയും ആകാശവും. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സൗഹൃദ നഷ്ടമാണ്. എല്ലാ ബന്ധങ്ങളിലും സൗഹൃദം കൂടിയാലേ ആ ബന്ധം ഊഷ്മളമാവുകയുള്ളൂ. പ്രവാസി ലോകത്തെ സൗഹൃദങ്ങൾ രാജ്യത്ത് മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ വലിയ പങ്കുവഹിക്കുകയും രാജ്യത്തിന് വൻതോതിൽ വിദേശ നാണ്യ ശേഖരം നേടിത്തരുകയും ചെയ്യുന്ന പ്രവാസികളുടെ യാത്രാ നിരക്ക് വർദ്ധന വിഷയത്തിൽ ഇടപെടില്ലെന്ന കേന്ദമന്ത്രി വി.കെ.സിങ്ങിന്റെ പ്രസ്താവന പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയുടെ ഏറ്റവും പുതിയ തെളിവാണ് എന്ന് സൗഹൃദ സംഗമത്തിൽ അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ മനാമ സോണൽ ആക്ടിംഗ് പ്രസിഡണ്ട് അൻസാർ തയ്യിൽ പറഞ്ഞു. ഗൾഫ് നാടുകളിൽ സ്കൂൾ അവധിയായതിനാൽ പ്രവാസികൾ കുടുംബസമേതം നാട്ടിലേക്ക് യാത്ര ചെയ്യുന്ന ഇൗ സമയത്ത് ഇപ്പോഴുള്ള നിരക്ക് വർദ്ധന പ്രവാസികൾക്ക് താങ്ങാവുന്നതിലേറെയാണ്. നിരുത്തരവാദപരമായ പ്രസ്താവന പിൻവലിച്ച് വിമാന നിരക്ക് കുറക്കാനാവശ്യമായ സത്വര നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിറാജ് പള്ളിക്കര കവിതാലാപനം നടത്തിയ സൗഹൃദ സംഗമത്തിൽ പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡൻറ് നൗമൽ റഹ്മാൻ സ്വാഗതവും സജീബ് നന്ദിയും പറഞ്ഞു. വിനോദ് കുമാർ, അൻസാർ കൈതാണ്ടിയിൽ, തംജീദ് എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..