സി.എച്ച്. ഹമീദ്
മനാമ: മൂന്നര പതിറ്റാണ്ടു കാലം ബഹ്റൈനില്‍ സമസ്തയ്ക്കും കെ.എം.സി.സിക്കും വേണ്ടി സജീവമായി പ്രവര്‍ത്തിച്ച കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി സി.എച്ച്. ഹമീദിന്റെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍, കെ.എം.സി.സി ബഹ്റൈന്‍ എന്നീ സംഘടനകള്‍ അനുശോചനമറിയിച്ചു.
ബഹ്റൈന്‍ കെ.എം.സി.സി. കാസര്‍കോട് ജില്ലാ മുന്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായിരുന്ന ഹമീദിന്റെ നിര്യാണത്തില്‍ കെ.എം.സി.സി. ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ബഹ്റൈന്‍ പ്രവാസലോകത്തുണ്ടായിരുന്നപ്പോള് സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് കെ.എം.സി.സി. ബഹ്റൈന്‍ ആക്ടിങ് പ്രസിഡന്റ് ശംസുദ്ധീന്‍ വെള്ളികുളങ്ങര, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥനകള്‍ നടത്തണമെന്നും മയ്യിത്ത് നിസ്കാരം നിര്‍വഹിക്കണമെന്നും കെ.എം.സി.സി. ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയും കാസര്‍കോട് ജില്ലാ കമ്മിറ്റിയും അഭ്യര്‍ഥിച്ചു .
സി.എച്ച്. ഹമീദിന്റെ നിര്യാണത്തില്‍ സമസ്ത ബഹ്റൈനും അനുശോചിച്ചു. ബഹ്റൈനിലെ സമസ്തയുടെ ഏരിയാ കേന്ദ്രങ്ങളിലെല്ലാം അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തണമെന്ന് സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ അഭ്യര്‍ഥിച്ചു. മൊഗ്രാല്‍ പുത്തൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത്, ഇമാം ശാഫി അക്കാദമി ബഹ്റൈന്‍ എന്നീ സംഘടനകളും അനുശോചനമറിയിച്ചു. കഴിഞ്ഞ 37 വര്‍ഷവും ഒരേ കമ്പനിയില്‍ വിവിധ തസ്തികകളിലായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ലഭിക്കുന്ന ഒഴിവുസമയങ്ങളിലായിരുന്നു ബഹ്റൈനിലെ സമസ്ത-കെ.എം.സി.സി ഉള്‍പ്പെടെയുള്ള മത - രാഷ്ട്രീയ സാമൂഹിക സംഘടനകളിലെല്ലാം നിസ്വാര്‍ത്ഥ സേവനം ചെയ്തുവന്നിരുന്നത്.
നീണ്ടകാലം ബഹ്റൈനില്‍ പ്രവാസ ജീവിതം നയിച്ച ഹമീദ് (61) കഴിഞ്ഞ ദിവസം നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. രണ്ടു മാസം മുമ്പ് ബഹ്റൈനില്‍ നിന്നും നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയിരുന്നുവെങ്കിലും യാത്രപുറപ്പെടുന്നതിന്റെ തലേദിവസം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇരുപത് ദിവസത്തോളം സല്‍മാനിയ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതിനു ശേഷം കഴിഞ്ഞ മാസം നാട്ടിലെത്തിച്ചു. വിദഗ്ധ ചികിത്സ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച കാലത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. മൃതദേഹം കഴിഞ്ഞ ദിവസം മഹല്ല് ഖബറിസ്ഥാനില്‍ ഖബറടക്കി. ബഹ്റൈനിലെയും നാട്ടിലെയും നിരവധി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഖബറടക്കചടങ്ങില്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..