മനാമ: ബഹ്റൈനില്‍ ഒരു പാര്‍ക്കിനു സമീപം അവശനിലയില്‍ കഴിഞ്ഞിരുന്ന മലയാളിക്ക് സാമൂഹികപ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്താന്‍ വഴി തെളിഞ്ഞു. ഇമ്മിഗ്രേഷന്‍ ക്ലിയറന്‍സ് നടപടികള്‍ കഴിഞ്ഞാല്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ ഇദ്ദേഹത്തിന് നാട്ടിലെത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് ഇതിനു നേതൃത്വം നല്കുന്ന വേള്‍ഡ് എന്‍.ആര്.ഐ കൗണ്‍സില്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ഡയറക്ടര്‍ സുധീര്‍ തിരുനിലത്ത് അറിയിച്ചു. പത്തനംതിട്ട കുഴിക്കാല സ്വദേശി മധുവിനെ (54) കഴിഞ്ഞ മാര്‍ച്ച് 29 നാണ് ഗുദൈബിയയിലെ പാര്‍ക്കിനു സമീപം കണ്ടെത്തിയത്. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി റീലീഫ് ഫണ്ടിന്റെയും നേതൃത്വത്തില്‍ ഇദ്ദേഹത്തെ ഒരു താമസസ്ഥലത്തേക്ക് മാറ്റുകയും ഭക്ഷണത്തിനുള്ള ഏര്‍പ്പാട് ചെയ്തുകൊടുക്കുകയും ചെയ്തു. കാലാവധി കഴിഞ്ഞ പാസ്സ്പോര്‍ട്ടിന്റെ കോപ്പിയും മെഡിക്കല്‍ റിപ്പോര്‍ട്ടും മാത്രമായിരുന്നു മധുവിന്റെ പക്കല്‍ ഉണ്ടായിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തിനെതിരെ ഒരു കേസ് നിലവിലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവരം ഇന്ത്യന്‍ എംബസിയിലറിയിച്ചു. എംബസി അധികൃതര്‍ തൊഴിലുടമയുമായി സംസാരിച്ചതിനെത്തുടര്‍ന്നു കേസ് പിന്‍വലിച്ചു. തുടര്‍ന്ന് എംബസ്സിയില്‍ ഔട്ട് പാസ്സിന് അപേക്ഷ സമര്‍പ്പിച്ചു. ഇമ്മിഗ്രേഷനില്‍ അടക്കേണ്ടിയിരുന്ന പിഴ ഐ സി ആര് എഫിന്റെ സഹായത്തോടെ അടച്ചു. 14 വര്‍ഷം മുന്‍പ് ബഹ്റൈനിലെത്തിയ മധു ഒരു സ്ഥാപനത്തില്‍ വാച്ച്മാനായി ജോലി ചെയ്യുന്നതിനിടയിലാണ് കേസിലകപ്പെട്ടത്. കഷ്ടപാടുകള്‍ക്കൊടുവില്‍ നാട്ടിലെത്താനാവുന്നതിലുള്ള സന്തോഷത്തിലാണ് മധു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..