-
മനാമ: അസുഖബാധിതനായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്ത് പൂവാട്ടുപറമ്പത്ത് സദാനന്ദനെ നാട്ടിലയക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ബഹ്റൈന്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി. നിരവധി കടമ്പകള്‍ കടന്ന് നാട്ടില്‍ പോകാന്‍ സാധിച്ചതില്‍ അതീവ സന്തോഷവാനാണ് അദ്ദേഹം. ഭാര്യയും രണ്ട് മക്കളും പ്രായമായ മാതാപിതാക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ സദാനന്ദന്.
മനാമയിലെ ഒരു മിനി മാര്‍ക്കറ്റില്‍ ജോലി ചെയ്യവേ കോവിഡ് രോഗബാധിതനാവുകയും രോഗം മൂര്‍ച്ഛിച്ചതിന്റെ ഫലമായി അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ഇതോടൊപ്പം സ്ട്രോക്ക് വന്ന് ഒരു ഭാഗം തളര്രുകയും ചെയ്തു. ഇദ്ദേഹത്തെ നാട്ടില്‍ എത്തിക്കാനായി മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളായ റിയാസ് ഒമാനൂര്‍, അലി അക്ബര്‍, ഉമ്മര്‍ കൂട്ടിലങ്ങാടി തുടങ്ങിയവര്‍ ബന്ധപ്പെടുകയും, അദ്ദേഹത്തിന്റെ അനുജന് ബിനോയിയുമായി സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റി, സംസ്ഥാന ഭാരവാഹികളായ ഹബീബ് റഹ്മാന്, അസ്സൈനാര്‍ കളത്തിങ്കല്‍, റസാഖ് മൂഴിക്കല്‍, കെ പി മുസ്തഫ, അബ്ദുറഹ്മാന് മാട്ടൂല്‍, അഷ്റഫ് മഞ്ചേശ്വരം, സിദ്ധീക് അദ്ലിയ എന്നിവരുടെ സഹകരണത്തോടെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. സദാനന്ദന് ജോലി ചെയ്ത കമ്പനി അധികൃതര്‍ ടിക്കറ്റും മറ്റു കാര്യങ്ങളും ഏറ്റെടുത്തതിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് പോകാനുള്ള വഴി തെളിയുകയായിരുന്നു.
പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലില്‍ കെ.എം.സി.സി. പ്രവര്‍ത്തകര്‍ ബന്ധപ്പെടുകയും എംഎല്‍എമാരായ നജീബ് കാന്തപുരം, സൈനുല്‍ ആബ്ദീന്‍ തങ്ങള്‍ എന്നിവരുമായും ഹോസ്പിറ്റല്‍ മാനേജ്മെന്റ്മായും സംസാരിച്ച് തുടര്‍ ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് നാട്ടിലുള്ള ജില്ലാ ഭാരവാഹികളായ റിയാസ് വെള്ളച്ചാല്‍, ഷാഫി കോട്ടക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സദാനന്ദനെ മൗലാന ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. നോര്‍ക്കയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിക്കാനായി ആംബുലന്‍സും ഏര്‍പ്പാടാക്കി. ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സദാനന്ദന് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ അഞ്ചുവടിയും ആക്ടിങ് ജനറല്‍ സെക്രട്ടറി വി.കെ റിയാസും പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..