സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2019 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വേളയിൽ അദ്ദേഹത്തിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമൊപ്പം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി
കൊച്ചി: മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ സൗദി അറേബ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്.) നിക്ഷേപത്തിന് ഒരുങ്ങുന്നത് ചരിത്ര നേട്ടമാണ്. അബുദാബി സർക്കാരിന്റെ നിക്ഷേപക സ്ഥാപനമായ ‘എ.ഡി.ക്യു.’വിൽനിന്ന് മൂലധന നിക്ഷേപമെത്തി ആഴ്ചകൾക്കുള്ളിലാണ് പി.ഐ.എഫ്. കൂടി ലുലുവിൽ നിക്ഷേപത്തിന് ഒരുങ്ങുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ചെയർമാനായുള്ള പി.ഐ.എഫ്. മൊത്തം 36,000 കോടി ഡോളറിന്റെ (ഏതാണ്ട് 26 ലക്ഷം കോടി രൂപ) ഫണ്ടാണ് കൈകാര്യം ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടുകളിലൊന്നാണ് ഇത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫണ്ടുകളാണ് സോവറിൻ ഫണ്ടുകൾ. മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയ്ലുംപി.ഐ.എഫിന്റെ ഫണ്ടിങ്ങിനായി ശ്രമിക്കുന്നുണ്ട്.
ലുലു ഗ്രൂപ്പിൽ പി.ഐ.എഫ്. എത്ര തുകയാണ് നിക്ഷേപിക്കുന്നതെന്നോ എത്ര ഓഹരി വാങ്ങുമെന്നോ അറിവായിട്ടില്ല. അഭ്യൂഹങ്ങളിൽ പ്രതികരിക്കാൻ തയ്യാറല്ലെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ്) വി. നന്ദകുമാർ ‘മാതൃഭൂമി’യോടു പറഞ്ഞു.
എ.ഡി.ക്യു. നിക്ഷേപിച്ചത് 8,000 കോടി
ഒരു മാസം മുമ്പ് അബുദാബി സർക്കാരിന്റെ നിക്ഷേപക സ്ഥാപനമായ ‘എ.ഡി.ക്യു.’ 8,000 കോടി രൂപ (110 കോടി ഡോളർ) ലുലു ഗ്രൂപ്പിൽ മുതൽമുടക്കിയിരുന്നു. ലുലുവിന്റെ ഇന്ത്യയിലെയും ഖത്തറിലെയും ഒഴികെയുള്ള ബിസിനസുകളിലേക്കാണിത്. നിലവിൽ സാന്നിധ്യമുള്ള മേഖലകൾക്കു പുറമേ, ഈ ഫണ്ട് ഉപയോഗിച്ച് ജോർദാൻ, മൊറോക്കോ, ഇറാഖ് എന്നിവിടങ്ങളിലും വൻതോതിൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കും.
അബുദാബി കിരീടാവകാശി ഷേക്ക് മുഹമ്മദ് ബിൻ സായിദിന്റെ സഹോദരനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷേക്ക് തഹ്നൂൻ ബിൻ സായിദ് ചെയർമാനായുള്ള നിക്ഷേപക സ്ഥാപനമാണ് എ.ഡി.ക്യു.
എ.ഡി.ക്യു., പി.ഐ.എഫ്. എന്നിവയ്ക്കു പിന്നാലെ ഗൾഫ് മേഖലയിൽനിന്ന് കൂടുതൽ മൂലധന നിക്ഷേപം ലുലുവിലേക്ക് എത്തും. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണു സൂചന. കോവിഡ് കാലത്ത് വൻതോതിൽ നിക്ഷേപം ആകർഷിക്കാൻ കഴിയുന്നത് നേട്ടമാണ്. ലുലു ഗ്രൂപ്പിലും അതിന്റെ ചെയർമാൻ എം.എ. യൂസഫലിയിലും ഗൾഫ് രാജ്യങ്ങളിലെ രാജകുടുംബങ്ങൾക്കുള്ള വിശ്വാസത്തിനു തെളിവാണ് തുടർച്ചയായ ഈ ഫണ്ടിങ്.
ഒമ്പതു രാജ്യങ്ങളിലായി 194 ഹൈപ്പർമാർക്കറ്റുകളുള്ള ലുലു ഗ്രൂപ്പിന് 15 രാജ്യങ്ങളിൽ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമുണ്ട്. ഇതിനു പുറമെ വൻകിട ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ എന്നിവയും ഗ്രൂപ്പിനുണ്ട്. 55,800 കോടി രൂപയാണ് വാർഷിക വിറ്റുവരവ്. ഗ്രൂപ്പിലെ 58,000 ജീവനക്കാരിൽ 30,000 പേരും മലയാളികളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..