-
മനാമ: പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച ലോക കേരള പ്രതിഷേധ സഭ. കേരളത്തിലെ ജന പ്രതിനിധികളും 30 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി സംഘടനാ നേതാക്കളും ബഹ്റൈനില്‍ നിന്നും സോഷ്യല്‍ വെല്‍ഫെയര്‍ അസ്സോസിയേഷനും സാമൂഹിക നേതൃരംഗത്തുള്ളവരും സഭയില്‍ പങ്കെടുത്തു.
വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് എസ്.ക്യൂ.ആര്‍ ഇല്യാസ് ലോക കേരള പ്രതിഷേധ സഭ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികള്‍. ലോക രാജ്യങ്ങള്‍ സ്വന്തം പൗരന്‍മാരെ തിരികെ കൊണ്ടു പോകാന്‍ വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യാ സര്‍ക്കാര്‍ പ്രവാസികളുടെ മടങ്ങിവരവിന് തടസ്സം നില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എംബസികളില്‍ കെട്ടിക്കിടക്കുന്ന ഐ.സി.ഡബ്ല്യൂ ഫണ്ടും പി.എം കെയര്‍ ഫണ്ടും വിനിയോഗിച്ച് പ്രവാസികളുടെ മടക്കയാത്ര സൗജന്യമാക്കണമെന്നും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് പുനരധിവാസം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ലമെന്റ്‌നിര്‍ത്തിവെച്ച് കോവിഡ് പ്രതിരോധത്തിന് വേണ്ട നടപടി വേണമെന്ന ആവശ്യം കേന്ദ്രം നിരസിക്കുകയായിരുന്നുവെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. രോഗപ്രതിരോധം നടത്തേണ്ട സമയത്ത് മധ്യപ്രദേശ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ആയിരുന്നു ആഖജ സര്‍ക്കാറിന് താല്പര്യം. പുറമേ സ്‌നേഹമുണ്ടെന്ന് നടിക്കുകയും കേന്ദ്രവുമായി ചേര്‍ന്ന് മറുനാട്ടില്‍ തന്നെ പ്രവാസികളെ തളച്ചിടാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. പ്രവാസികള്‍ വരുന്ന വിമാനങ്ങള്‍ റദ്ദാക്കുക, അവര്‍ക്കുള്ള ക്വാറന്റൈന്‍ സംവിധാനം നിര്‍ത്തലാക്കുക, കൃത്യമായ വിവരങ്ങള്‍ കൈമാറാതിരിക്കുക തുടങ്ങിയ തടസ്സങ്ങള്‍ പലപ്പോഴായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു
പ്രവാസികളുടെ തിരിച്ചുവരവ് എന്നത് ഏറെ കടമ്പകള്‍ നിറഞ്ഞതായി മാറിയിരിക്കുകയാണെന്നും ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് വളരെക്കുറച്ചു പ്രവാസികള്‍ മാത്രമാണ് നാട്ടിലെത്തിയതെന്നും ഇ. ടിമുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മറ്റു രാജ്യങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ ആളുകളെ നാട്ടിലെത്തിക്കുമ്പോള്‍ സ്വന്തം ചിലവില്‍ നാട്ടില്‍ എത്തുന്ന പ്രവാസിയുടെ യാത്ര തന്നെ മുടക്കാനാണ് കേന്ദ്രവും സംസ്ഥാനവും ശ്രമിക്കുന്നത്. നാട്ടിലെത്തിയാല്‍ അവരുടെ ജീവിതവും പുനരധിവാസവും എങ്ങനെ എന്നത് ഒരു വലിയ ചോദ്യമായി നില്‍ക്കുന്നു. ജോലിയും വരുമാനവും ഇല്ലാതെ നാട്ടില്‍ എത്തുന്നവര്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു പ്രവാസികളെ പുനരധിവസിപ്പിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസി ദ്രോഹത്തില്‍ പരസ്പരം മത്സരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. എല്ലാവിധ അന്താരാഷട്ര ഇളവുകളും ലഭിച്ചിട്ടും വന്ദേ ഭാരത് മിഷനില്‍ അമിത ചാര്‍ജ്ജ് ഈടാക്കാന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. മടക്കയാത്രക്കായി ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ സന്നദ്ധ സംഘടനകള്‍ വഴി ആരംഭിച്ചപ്പോള്‍ അതിനെ തടയിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. രണ്ടര ലക്ഷം റൂം ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തി എന്നവകാശപ്പെട്ട കേരള സര്‍ക്കാര്‍ ഏതാനും പ്രവാസികള്‍ എത്തിയപ്പോള്‍ തന്നെ ക്വാറന്റൈന്‍ സംവിധാനങ്ങളില്ലെന്നു പറഞ്ഞ് പിന്‍മാറുന്നതാണ് കണ്ടത്. നടക്കാന്‍ സാദ്ധ്യതയില്ലാത്ത വ്യവസ്ഥകള്‍ മുന്നില്‍ വെച്ച് യാത്ര മുടക്കുകയും ഭീതി പരത്തകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്നും നിതാഖാത്ത് കാലത്ത് വാഗ്ദാനം ചെയ്ത തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് 6 മാസത്തെ ശമ്പളം പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ. സുധാകരന്‍ എം.പി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, പി.വി ആബ്ദുല്‍ വഹാബ് എം.പി, മുന്‍ പ്രവാസി വകുപ്പ് മന്ത്രി എം.എം ഹസ്സന്‍, സിഎംപി നേതാവ് സി. പി ജോണ്‍, സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍, അഡ്വ മുരളീധരന്‍, വിവിധ പ്രവാസി സംഘടനാ നേതാക്കളായ ഡോ.ഷീബ (ഖത്തര്‍), മന്‍സൂര്‍ പള്ളൂര്‍ (സൗദി), സത്താര്‍ താമരത്ത് (റിയാദ്), വി വി ശരീഫ് (സിങ്കപ്പൂര്‍), ഖലീല്‍ ഹംദാന്‍ (തുര്‍ക്കി), അഷറഫ് താമരശേരി, മോഹന്‍ദാസ് നെല്ലിക്കുന്ന് (സലാല), ഷമീം അഹ്മദ് (യു.കെ), അബ്ദുസലാം ചാലക്കല്‍ (സോമാലിയ), മുഹമ്മദ് റിയാസ് (സ്വീഡന്‍), കെ.പി ശംസുദ്ദീന്‍(യു.എ.ഇ), അബ്ദുല്‍ കരീം (ചൈന), ഷഫീഖ് വി.കെ ( യു.എസ്.എ), മുഹമ്മദ് സാലിഹ് (കുവൈത്ത്), എം.സി.എ നാസര്‍ ( യു.എ.ഇ), ഇ.പി. ജോണ്‍സണ്‍ (യു.എ.ഇ), ഡയസ് ഇടിക്കുള ( യു.എ.ഇ), ഹരികുമാര്‍ ( ഒമാന്‍) , തഴവ രമേശ് (സലാല), അബുലൈസ് എടപ്പാള്‍ (യു.എ.ഇ), നഹ്ല ടി.എം (റഷ്യ), ബിനു കുന്നന്താനം, ജമാല്‍ നദ്‌വി ഇരിങ്ങല്‍, അബ്രഹാം ജോണ്‍, ഷെമിലി പി ജോണ്‍, മുഹമ്മദലി മലപ്പുറം, ജമീല അബ്ദുറഹിമാന്‍, വി' കെ. അനീസ് (ബഹ്റൈന്‍) തുടങ്ങിയവരും വിവിധ നേതാക്കളും സംബന്ധിച്ചു. പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രസിഡണ്ട് റസാഖ് പാലേരി സ്വാഗതവും സെക്രട്ടറി ബന്ന മുതുവല്ലൂര്‍ നന്ദിയും പറഞ്ഞു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..