കുവൈത്ത് ലിബറേഷൻ ടവറിൽ നിന്നുള്ള ആകാശ കാഴ്ച്ച. ഫോട്ടോ: കുന
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അഭിമാന സ്തംഭമായ കുവൈത്ത് ലിബറേഷന്‍ ടവര്‍ ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു. ഫെബ്രുവരി 6 മുതല്‍ പൊതുജനങ്ങള്‍ക്ക് ടവറില്‍ പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചതായി കുവൈത്ത് വാര്‍ത്താ വിനിമയ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഖൊലൗദ് അല്‍ ഷെഹാബ് വ്യക്തമാക്കി. രാവിലെ 9 മുതല്‍ 1 മണി വരെയും, വൈകുന്നേരം 3 മുതല്‍ 8 മണി വരെയും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
പൊതുജനങ്ങള്‍ ലിബറേഷന്‍ ടവര്‍ വെബ്സൈറ്റിലൂടെ മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടതാണ്. രാവിലെ ഒമ്പതു മുതല്‍ ഒന്നുവരെ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമാണ് പ്രവേശനം. വൈകീട്ട് മൂന്നുമുതല്‍ രാത്രി ഒമ്പതുവരെയാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക.
1990ലെ ഇറാഖ് അധിനിവേശത്തില്‍ നിന്ന് വിമോചനം നേടിയതിന്റെ ഓര്‍മ്മക്കായി കുവൈത്ത് സിറ്റിയില്‍ തല ഉയര്‍ത്തി നില്ക്കുന്ന കുവൈത്ത് ലിബറേഷന്‍ ടവര്‍, കുവൈത്ത് ഇറാഖ് യുദ്ധ സ്മാരകമായി 1996 മാര്‍ച്ച് പത്തിനാണ് ഉദ്ഘാടനം ചെയ്തത്. ആകെ 372 മീറ്റര്‍ ഉയരമുള്ള ടവര്‍ ഗള്‍ഫ് രാജ്യങ്ങളിലെയും അറബ് മേഖലയിലെയും ഏറ്റവും ഉയരം കൂടിയതാണ്. നിര്‍മാണ സമയത്ത് ലോകത്തിലെ നാലാമത് വലിയ ടവറായിരുന്നു.
കുവൈത്തിന്റെ അഭിമാന സ്തംബമായി നിലകൊള്ളുന്ന മേഖലയിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ ലോകോത്തര നിര്‍മ്മാണ വിദഗ്ദരുടെ കൂട്ടായ പരിശ്രമ ഫലമാണ്. ടവറിന്റെ നിയന്ത്രണവും പ്രവര്‍ത്തനവും കുവൈത്ത് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ അധികാര പരിധിക്കുള്ളിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..