ജെലേബ് അൽ ഷുയോഖിൽ പോലീസ് നടത്തിയ പരിശോധന. ഫോട്ടോ: കുന
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ പരിശോധനയില്‍ നിരവധി നിയമ ലംഘകര്‍ പിടിയിലായി. താമസരേഖ നിയമം മറികടന്ന നിരവധി പേരെ ജെലേബ് അല്‍ ഷുയോഖില് നിന്നും സുരക്ഷാ അധികൃതര്‍ പിടികൂടി.
കുവൈത്ത് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും മാന്‍ പവര്‍ പബ്ലിക് അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇന്ത്യക്കാരടക്കം നിരവധി വിദേശികളെ താമസരേഖ നിയമ ലംഘനത്തിന് അറസ്റ്റു ചെയ്തു. ഹോട്ടലുകള്‍ കച്ചവട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ തൊഴില്‍ നിയമ ലംഘനത്തിനും നിരവധി പേര് പിടിയിലായി. നിരവധി ഗാര്‍ഹിക തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
അതേസമയം ട്രാഫിക്ക് വിഭാഗം രാജ്യ വ്യാപകമായി നടത്തിയ കര്‍ശന വാഹന പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 335 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. അതോടൊപ്പം സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 304 നിയമ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ 237 ട്രക്കുകളും, 69 ടാക്സികളും നിയമ ലംഘനം നടത്തിയതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിച്ചതിന് 260 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത എട്ട് പേരെ കണ്ടെത്തുകയും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും ഗതാഗത വിഭാഗം അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..