കുവൈത്ത് അഹമ്മദി എണ്ണ ഉത്പാദന കേന്ദ്രം. ഫോട്ടോ: കുന
കുവൈത്ത് സിറ്റി: കുവൈത്തില്‍ എണ്ണ മേഖല സമ്പൂര്‍ണ്ണ സ്വദേശിവത്കരണത്തിലേക്ക്. നിലവില്‍ തുടരുന്ന വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ ജോലിക്ക് നിയമിക്കുന്നതിന് കുവൈത്ത് ഉപ പ്രധാനമന്ത്രിയും ഊര്‍ജ്ജ വകുപ്പ് മന്ത്രിയുമായ ഡോ അഹ്മദ് അല്‍ ഫാരിസ് നിര്‍ദേശിച്ചു. രാജ്യം നടപ്പിലാക്കി വരുന്ന സമ്പൂര്‍ണ്ണ സ്വദേശിവത്കരണ നയം കുവൈത്ത് നാഷണല്‍ പെട്രോളിയം അതോറിറ്റിയും അംഗീകരിച്ച സാഹചര്യത്തിലാണ് എണ്ണ മേഖല സ്വദേശിവത്കരണ നടപടികളിലേക്ക് നീങ്ങുന്നതെന്നു മന്ത്രി വ്യക്തമാക്കി.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ എണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലും അടിയന്തിരമായി 30 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വദേശികളുടെ തൊഴില്‍ നിയമനം സംബന്ധിച്ചു പാര്‍ലമെന്റ് അംഗം ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
എണ്ണ മേഖലയില്‍ വിദേശികളായ എഞ്ചിനീര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ചുണ്ടായ അഭിപ്രായ ഭിന്നതകള്‍ അവസാനിപ്പിക്കുന്നതിനും സ്വദേശി എഞ്ചിനീര്‍മാരെ കണ്ടെത്തി നിയമനം ഉറപ്പാക്കുന്നതിനുമാണ് തീരുമാനം. ഇതിനകം രണ്ടായിരത്തിലേറെ സ്വദേശികളെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി പുതിയതായി നിയമിച്ചതായും മന്തി പാര്‍ലമെന്റില്‍ പറഞ്ഞു.
അതേസമയം ഊര്‍ജ്ജ മേഖലയില്‍ പ്രത്യേകിച്ചും ജല വൈദ്യുതി മന്ത്രാലയത്തില്‍ നിന്നും 457 വിദേശികളെ അടുത്തിടെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുകയും. പകരം സ്വദേശികളെ നിയമിച്ചതായും ദേശീയ അസംബ്ലിയില്‍ മന്ത്രി വിശദീകരിച്ചു.
സര്‍ക്കാര്‍ പൊതുമേഖലയിലും എണ്ണ മേഖലയിലും സ്വദേശിവത്കരണം സമ്പൂര്‍ണ്ണമാക്കുന്നത്തോടെ സ്വകാര്യ കമ്പനികളുടെ കീഴില്‍ എണ്ണ മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളാണ് ജോലിയില്‍ തുടരുന്നത്. തൊഴില്‍ നഷ്ടപ്പെട്ടു നിരവധി പേര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരും. 2025ഓടെ നിലവിലുള്ള വിദേശ ജനസംഖ്യയുടെ നേര്‍പകുതിയാകും വിദേശികള്‍ എന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..