കുവൈത്ത് വാക്സിനേഷൻ സെന്ററുകളിലെ തിരക്ക്. ഫോട്ടോ: കുന
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിദിന കോവിഡ് രോഗികള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും ജനങ്ങള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിന് മുന്നോട്ട് വരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
രാജ്യത്ത് കഴിഞ്ഞ ദിവസം 329 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടയിലും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കണ്ടുവരുന്നത്. 1.8 ശതമാനമാണ് ടെസ്റ്റ് പോസിട്ടിവിറ്റി നിരക്ക്. തൊട്ട് മുന്‍പത്തെ ദിവസം 198 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുതിച്ചുയരുകയാണ്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 415,678 ആയി വര്‍ദ്ധിച്ചു. അതേസമയം കോവിഡ് രോഗബാധ കാരണമുള്ള മരണം പുതുതായി കണ്ടെത്തിയിട്ടില്ല. ഇതുവരെ കോവിഡ് ബാധിച്ചു 2,468 പേരാണ് മരണത്തിന് കീഴടങ്ങിയത്.
രാജ്യത്ത് ശക്തമായ ആരോഗ്യ സംവിധാനമാണ് നിലവിലുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനദ് വാര്‍ത്താലേഖകരെ അറിയിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനു വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. പ്രതിദിനം 37,000 പേര്‍ കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം കണക്കുകള്‍ വെളിപ്പെടുത്തുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..