കുവൈത്ത് പാർലമെന്റിന്റെ പ്രത്യേക യോഗം.
കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിലുള്ള ജനസംഖ്യ അസന്തുലിതാവസ്ഥക്ക് പരിഹാരമായി പാര്‍ലമെന്റില്‍ കരട് ബില്ലുമായി എം.പി.മാര്‍. വിദേശ ജനസംഖ്യയില്‍ മുന്‍പന്തിയിലുള്ള സമൂഹങ്ങള്‍ക്കായി നിശ്ചിത ക്വാട്ട സമ്പ്രദായം നടപ്പിലാക്കാന്‍ കുവൈറ്റ് നിയമ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നു.
ജനസംഖ്യാപരമായ ഘടനയെ സന്തുലിതമാക്കുന്നതിനായി രാജ്യത്തെ വിദേശിസമൂഹങ്ങള്‍ക്കായി ക്വാട്ടസമ്പ്രദായം നടപ്പിലാക്കുന്നതിനോടൊപ്പം നിലവില്‍ മറ്റ് രാജ്യങ്ങളുമായി തുടരുന്ന നയതന്ത്ര ബന്ധത്തെ ബാധിക്കാത്ത വിധത്തില്‍ നിബന്ധനകളോടെ ഭരണഘടനാപരമായി നടപ്പിലാക്കുന്നതിനാണ് എം.പി. മാര്‍ ആലോചിക്കുന്നത്.
1.4 ദശലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യക്ക് ആനുപാതകമായ ഒരു ശതമാന നിരക്കായിരിക്കണം നിലവില്‍ വിദേശ ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള രാജ്യക്കാര്‍ക്കും അനുവദിക്കുക.
നിലവിലുള്ള ജനസംഖ്യ അടിസ്ഥാനത്തില്‍ ഓരോ പ്രവാസി സമൂഹത്തിനും നിര്‍ദ്ദേശിച്ച ശതമാന നിരക്കനുസരിച്ചു 15ശതമാനം ഇന്ത്യക്കാര്‍, 10ശതമാനം വീതം ഫിലിപ്പിനോകള്‍, ശ്രീലങ്കക്കാര്‍, ഈജിപ്തുകാര്‍, 5 ശതമാനം വീതം ബംഗ്ലാദേശികള്‍, നേപ്പാളികള്‍, പാകിസ്ഥാനികള്‍, വിയറ്റ്‌നാമീസ്, ബാക്കിയുള്ള രാജ്യക്കാര്‍ക്ക് പരമാവധി 3 ശതമാനം വീതവുമാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതനുസരിച്ച് കുവൈത്തിലെ മൊത്തം വിദേശികള്‍ ഏകദേശം 1.4 ദശലക്ഷം വരുന്ന സ്വദേശി ജനസംഖ്യക്ക് തുല്യമായിരിക്കണമെന്നാണ് ബില്ല് നടപ്പിലാക്കുന്നതിലൂടെ പാര്‍ലമെന്റ് ലക്ഷ്യമാക്കുന്നത്.
ഇതോടെ നിലവില്‍ വിദേശ ജനസംഖ്യയില്‍ മഹാഭൂരിപക്ഷമായി തുടരുന്ന ഇന്ത്യക്കാരില്‍ 8 ലക്ഷത്തോളം പേരെ ഒഴിവാക്കണം. 2, 10, 000 പേര്‍ക്ക് നിശ്ചിത ക്വാട്ട സംവിധാനത്തില്‍ രാജ്യത്ത് തുടരാനാവും.
നിലവിലുള്ള ഈജിപ്തുകാരുടെ എണ്ണം 5,50,000 എങ്കിലും കുറച്ചു 1,40,000 ആകും. ഫിലിപ്പിനോ, ശ്രീലങ്കന്‍, ബംഗ്ലാദേശ്, മറ്റ് സമുദായങ്ങള്‍ എന്നിവരിലും വലിയ തോതില്‍ കുറവുണ്ടാകും.
എന്നാല്‍ നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം നടപ്പാക്കുന്നത് അസാധ്യമാകുമെന്നും നിലവില്‍ 2,50,000 ത്തിലധികം ഇന്ത്യക്കാര്‍ ഗാര്‍ഹിക സഹായികളായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് നിര്‍ദ്ദിഷ്ട ക്വാട്ടയ്ക്ക് മുകളിലാണെന്നും ചില എം.പി.മാര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം തൊഴില്‍ ശക്തിയില്‍ ദേശസാല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ് വിദേശ ജനസംഖ്യ വെട്ടി കുറയ്ക്കുന്നതിനായി ആലോചിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..