കുവൈത്തിലെ ആഘോഷ കാഴ്ചകൾ
കുവൈത്ത് സിറ്റി: കുവൈത്ത് ജനത ഫെബ്രുവരി 26 ന് വിമോചനത്തിന്റെ 31-മത് വാര്‍ഷികം ആഘോഷിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 61 മത് വാര്‍ഷികം ഫെബ്രുവരി 25 നും, ഇറാഖ് അധിനിവേശത്തില്‍ നിന്നും കുവൈത്ത് വിമോചിതമായതിന്റെ 31 മത് വാര്‍ഷികവും കുവൈത്ത് ജനത അഭിമാനപൂര്‍വം ആഘോഷിക്കുകയാണ്.
കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങി പോയ സ്വാതന്ത്ര്യ വിമോചന ദിനാഘോഷങ്ങള്‍ക്ക് പൂര്‍വ്വാധികം ഉണര്‍വ്വോടെ ജനങ്ങള്‍ ഇത്തവണ ആഘോഷിക്കുന്നുണ്ട്. 10 ദിവസം നീണ്ടു നില്ക്കുന്ന പൊതു അവധി ദിനങ്ങള്‍ സ്വദേശികളും വിദേശികളും സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും ആഘോഷ ലഹരിയിലാണ്. ഫെബ്രുവരി 25 വെള്ളിയാഴ്ച 61ാം ദേശീയ ദിനാഘോഷം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ അരങ്ങേറി.
ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികമാണ് ദേശീയ ദിനമായി കുവൈത്ത് കൊണ്ടാടുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷം ആഘോഷ പരിപാടികള്‍ ഉണ്ടായിരുന്നില്ല. ഇക്കുറി കോവിഡ് ആശങ്കള്‍ ഏറക്കുറെ ഒഴിഞ്ഞു രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് ദേശീയ ദിനവും വിമോചന ദിനവും ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ആഴ്ചകളോളം നീളുന്ന പരിപാടികളാണ് സര്‍ക്കാര്‍ തലത്തിലും അല്ലാതെയും ക്രമീകരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യേകിച്ചും അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ് , കുവൈത്ത് ടവര്‍ പരിസരം, സൂഖ് മുബാറകിയ, ശൈഖ് ജാബിര്‍ കള്‍ചറല്‍ സെന്റര്‍, ശൈഖ് ജാബിര്‍ കോസ്വേ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാന ആഘോഷ പരിപാടികള്‍ സംഘടുപ്പിച്ചിട്ടുള്ളത്.1961 ജൂണ്‍ 19നാണ് കുവൈത്ത് ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയത്. അതിന് തൊട്ടടുത്ത മൂന്നുവര്‍ഷവും ജൂണ്‍ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്.
എന്നാല്‍, 1964ല്‍ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിന്റെ ശില്പി എന്നറിയപ്പെടുന്ന, രാജ്യത്തിന്റെ 11ാമത് ഭരണാധികാരി അമീര്‍ ശൈഖ് അബ്ദുല്ല അല്‍സാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25ന്റെ സ്മരണയില്‍ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് എന്നിവര്‍ രാജ്യനിവാസികള്ക്ക്സ്വാതന്ത്ര്യ - വിമോചന ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.
അതേസമയം 10 ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി രാജ്യം കനത്ത സുരക്ഷാ വലയത്തിലാണ്. സ്വദേശികളും വിദേശികളും സുരക്ഷാ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനും നിര്‍ദേശം.
Content Highlights: Kuwait celebrates 31st anniversary of its liberation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..