പൊതുമാപ്പ് അവസാനിക്കുന്ന നാളുകളിൽ രജിസ്‌ട്രേഷൻ സെന്ററുകളിലെ തിരക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഏപ്രില്‍ 30 ന് അവസാനിച്ചു. പൊതുമാപ്പ് കാലാവധി നീട്ടുന്നതിന് പല വിദേശ എംബസ്സികളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതു സംബന്ധിച്ച യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ സെന്ററുകള്‍ നല്‍കിയ റിപ്പോര്‍ട്ട് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലേഹ് പരിശോധിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ചു കുടിയേറ്റ നിയമം ലംഘിച്ചു 1, 60, 000 വിദേശികളാണ് രാജ്യത്ത് തുടരുന്നത്. ഇവരില്‍ 25,000 പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് തയ്യാറായിട്ടുള്ളത്. ശേഷിക്കുന്ന 1, 35, 000 പേരും പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് രഹസ്യമായി പാര്‍പ്പിട മേഖലകളില്‍ താമസിക്കുന്നു.
നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ അതാത് രാജ്യങ്ങളില്‍ നിലവിലുള്ള കൊറോണ പ്രതിസന്ധി സാഹചര്യങ്ങള്‍ കണക്കിലെടുത്തു സ്വീകരിക്കാന്‍ തയ്യാറാകുന്നതനുസരിച്ചു നാട് കടത്തുന്നതിനാണ് തീരുമാനം.
എന്നാല്‍ മെയ് 5 മുതല്‍ കുവൈത്ത് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് വിമാനങ്ങളില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരെ ഇന്ത്യയില്‍ എത്തിക്കന്നതിനാണ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി, വിദേശ കാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിവരികയാണ്.
അതേസമയം വിസ കച്ചവടവും മനുഷ്യ കടത്തും വര്‍ധിച്ചു രാജ്യത്ത് ജനസംഖ്യ അസന്തുലിതത്വവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന നിയമ ലംഘകരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതിന് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസ്സര്‍ അല്‍ മുഹമ്മദ്, സാമൂഹ്യ വകുപ്പ് മന്ത്രി മറിയം അല്‍ അഖീല്‍, 18 മുതിര്‍ന്ന എം പി മാരുമായി അതീവ ഗൗരവമേറിയ ചര്‍ച്ച നടന്നു.
കുടിയേറ്റ നിയമം ലംഘിച്ചവരും തൊഴില്‍ നഷ്ടപെട്ടവരുമായി 158, 000 മുതല്‍ 433, 000 പേര്‍ രാജ്യത്ത് തുടരുന്നു. ഇത്രയും ഗുരുതരമായ പ്രശ്‌നം പരിഹരിക്കുന്നതിന് വളരെ തീവ്രമായ നടപടികള്‍ക്കാണ് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയത്. വിസ കച്ചവടക്കാര്‍ക്കെതിരെയും മനുഷ്യ കടത്തിനും കൂട്ട് നില്‍ക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടിക്കാണ് സ്പീക്കര്‍ നിര്‍ദേശിച്ചത്. ഇതു സംബന്ധിച്ച ഉചിതമായ പദ്ധതിക്ക് പഠനം തയ്യാറാക്കുന്നതിന് വിദഗ്ദ്ധ സമിതിയെ ഉപ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ അനസ് അല്‍ സലേഹ് ചുമതലപ്പെടുത്തി.
അതേസമയം മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങള്‍ കടുത്ത നടപടികള്‍ ആവശ്യപ്പെട്ടാണ് മുന്നോട്ട് വന്നിട്ടുള്ളത്. വിദേശ രാജ്യങ്ങളിലെ എംബസികള്‍ സ്വന്തം പൗരന്മാരുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും എംബസികള്‍ മൗനം വെടിഞ്ഞു ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വിദേശ രാജ്യങ്ങള്‍ സ്വന്തം പൗരന്മാരെ സ്വീകരിക്കാത്ത നിലപാടിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ മുന്നോട്ട് വന്നിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ മൗനം വെടിയണമെന്നും എം പി മാര്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് നിലവിലുള്ള കുടിയേറ്റ നിയമം ലംഘനം നടത്തി അനധികൃതമായി രാജ്യത്ത് തുടരുന്നവര്‍ക്ക് പിഴയും ശിക്ഷയും ഒഴിവാക്കി സര്‍ക്കാര്‍ ചെലവില്‍ മടക്കി അയക്കാന്‍ തയ്യാറായിട്ടും അവരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കെതിരെയാണ് കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംപിമാര്‍ പ്രതിഷേധം ഉയര്‍ത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..