
പ്രതീകാത്മക ചിത്രം| Photo: AFP
കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിട്ടു പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കുവൈത്തിലെത്തുമ്പോള്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയുഷണല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കാന്‍ ആലോചിക്കുന്നു. പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കുവൈത്തിലെത്തുമ്പോള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കാന്‍ ആരോഗ്യ മന്ത്രാലയമാണ് നിര്‍ദ്ദേശിച്ചത്.
നവംബര്‍ 17 മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായി വര്‍ധിപ്പിക്കാന്‍ വിമാനത്താവളം അധികൃതര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ആരോഗ്യ മന്ത്രാലയം ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. യാത്രക്കാര്‍ക്ക് ഹോം ക്വാറന്റീന് ഏര്‍പ്പെടുത്തുന്നതിനോട് ആരോഗ്യ മന്ത്രാലയം യോജിക്കുന്നില്ല.
ഹോട്ടലുകളിലോ അപ്പാര്ട്ടുമെന്റുകളിലോ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് ഒരുക്കാനാണ് നിര്‍ദേശം. അതോടൊപ്പം നേരിട്ടു പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്. പരിശോധനക്ക് വിധേയരാക്കുന്നതിനും തുടര്‍ന്ന് ക്വാറന്റീനിലേക്ക് മാറ്റുന്നതിനുമാണ് തീരുമാനം.
ക്വാറന്റീന് കേന്ദ്രത്തിലേക്കു യാത്രക്കാരനെ കൊണ്ടു പോകുന്നതിനു വാഹന സൗകര്യവും ഒരുക്കുന്നതായിരിക്കും. പുറമേ നിന്നുള്ളവരെ യാത്രക്കാരനെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിക്കാന്‍ അനുവദിക്കുന്നതല്ല. ക്വാറന്റീന് പൂര്‍ത്തിയാകുന്ന ഏഴാമത്തെ ദിവസം വീണ്ടുമൊരു പിസിആര്‍ പരിശോധന നടത്തുകയും രോഗ ബാധയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഇവരെ താമസ സ്ഥലത്തേക്ക് പോകാന്‍ അനുവദിക്കും. എന്നാല്‍ യാത്രക്കാരന് കോവിഡ് പോസിറ്റിവായാല്‍ ക്വാറന്റീന് തുടരും. പി.സി.ആര്. പരിശോധന, ക്വാറന്റീന് സ്ഥലത്തിന്റെ വാടകയടക്കമുള്ള എല്ലാ ചെലവുകളും യാത്രക്കാരനില്‍ നിന്നും ഈടാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..