
കുവൈത്ത് എയർ വേയ്സ് മേധാവികൾ T4 ടെർമിനൽ പരിശോധിക്കുന്നു | ഫോട്ടോ: കെ.യു.എൻ.എ
കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിട്ടു പ്രവേശന വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള. യാത്രക്കാര്‍ക്ക് കുവൈത്ത് എയര്‍ വേയ്സ് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അവസരമൊരുക്കുന്നു. ഇതു സംബന്ധിച്ച് കുവൈത്ത് എയര്‍ വേയ്സ് പ്രത്യേക പദ്ധതി തയ്യാറാക്കി ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിച്ചതായി ബോര്‍ഡ് ഡയറക്ടര്‍സ് ചെയര്മാന് ക്യാപ്റ്റന്‍ അലി അല്‍ ദുഖാന് അറിയിച്ചു.
രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനത്തിന് വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി നേരിട്ട് പ്രവേശിക്കുന്നതിനാണു പദ്ധതി. ഇതനുസരിച്ചു കുവൈത്ത് എയര്‍വേയ്സ്, ജസീറ എയര്‍ എന്നീ വിമാന കമ്പനികളാണ് പ്രത്യേക പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഇതനുസരിച്ചാണ് വിമാനക്കമ്പനികള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പദ്ധതി സമര്‍പ്പിച്ചിട്ടുള്ളതെന്നും കുവൈത്ത് എയര്‍ വെയ്സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ക്യാപ്റ്റന്‍ അലി മുഹമ്മദ് അല്‍ ദുഖാന് വ്യക്തമാക്കുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി സമര്‍പ്പിച്ച പദ്ധതി പ്രകാരം കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തില്‍ വെച്ചുതന്നെ യാത്രക്കാരുടെ പി.സി.ആര്. പരിശോധന അടക്കമുള്ള എല്ലാവിധ ആരോഗ്യ പരിശോധനകളും നടത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ പ്രവേശന വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മറ്റൊരു രാജ്യം വഴിയല്ലാതെ കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകും. ക്വാറന്റീന് കാലാവധി കുവൈത്തില്‍ തന്നെ പൂര്‍ത്തിയാക്കാനും സാധിക്കും. അതേസമയം നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ വിമാന കമ്പനികള്‍ക്കു വരുമാനം വര്‍ദ്ധിക്കുമെന്നും ദുഖാന് സൂചിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..