കേളി അൽഖർജ് രക്ഷാധികാരി സമിതി അംഗം രാജു സി.കെ കൃഷ്ണപ്പിള്ളക്ക് യാത്രാരേഖകൾ കൈമാറുന്നു.
റിയാദ് : 34 വര്‍ഷമായി അല്‍ഖര്‍ജിലെ അരീഖിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്നു പത്തനംതിട്ട ആറന്മുള സ്വദേശി കൃഷ്ണപ്പിള്ള. കൃത്യമായി ഇടവേളകളില്‍ നാട്ടില്‍ പോകാന്‍ ആദ്യകാലങ്ങളില്‍ തന്നെ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും ശമ്പളവും മറ്റും കൃത്യതയോടെ കിട്ടുന്നതിനാല്‍ അവധിക്ക് പോകുന്ന സമയത്തിലെ അപാകത ഒരു പ്രശ്‌നമായി കൃഷ്ണപ്പിള്ള കണക്കാക്കിയിരുന്നില്ല.
എന്നാല്‍ തൊഴില്‍ നിയമത്തിലെ പരിഷ്‌കാരങ്ങളും ഇക്കാമ പുതുക്കാന്‍ ലെവിയും മറ്റും അടക്കേണ്ട സ്ഥിതി വന്നതിനു ശേഷം 8 വര്‍ഷത്തോളം ഇക്കാമ ഇല്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായി. അതിനിടയില്‍ ഹൃദ്രോഗം പിടിപെട്ട കൃഷ്ണപ്പിള്ളക്ക് പൂര്‍ണമായി ചികിത്സ പോലും നടത്താന്‍ സാധിക്കാത്ത സ്ഥിതി വന്നു ചേരുകയും നിസ്സഹായവസ്ഥ മനസ്സിലാക്കിയ സുഹൃത്തുക്കള്‍ കേളിയെ സമീപിച്ച് നാട്ടില്‍ പോകാനുള്ള മാര്‍ഗ്ഗം ആരായുകയുമായിരുന്നു.
കേളി ജീവകാരുണ്യ വിഭാഗം വിഷയം എംബസിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് എംബസി സത്വരമായി ഇടപെടുകയും തര്‍ഹീല്‍ വഴി എക്‌സിറ്റ് അടിക്കാനുള്ള രേഖകള്‍ തയ്യാറാക്കി നല്‍കുകയും ചെയ്തു. കൃഷ്ണപ്പിള്ള ജോലി ചെയ്ത കമ്പനിയുമായും, അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചുമുള്ള കേളി പ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് കൃഷ്ണപ്പിള്ളക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുങ്ങിയത്.
പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിച്ച കേളിയോടും, ഇന്ത്യന്‍ എംബസിയോടും, കേളി അല്‍ഖര്‍ജ് ഏരിയയിലെ പ്രവര്‍ത്തകരായ രാജന്‍ പള്ളിത്തടം, ലിപിന്‍, രാജു സി.കെ, തിലകന്‍, നാസര്‍ പൊന്നാനി, ഷാന്‍ കൊല്ലം, ബഷീര്‍, ചന്ദ്രന്‍, ഡേവിഡ് രാജ് എന്നിവരോടുമുള്ള നന്ദി അറിയിച്ചും കൊണ്ട് കഴിഞ്ഞ ദിവസത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ കൃഷ്ണപ്പിള്ള നാട്ടിലേക്ക് തിരിച്ചു.
Content Highlights; krishnanpilla back to native place after 8 years by the interference of Keli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..