പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
അബുദാബി: മമ്മുട്ടിയും മോഹന്‍ലാലുമടക്കം അനേകം മലയാളി സിനിമാ താരങ്ങളെയാണ് യുഎഇ അടുത്തിടെ ഗോള്‍ഡന്‍ വിസ നല്കി ആദരിച്ചിട്ടുള്ളത്. മലയാളികള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ച വാര്‍ത്തകള്‍ വരുന്നത് നിരന്തരമായതോടെ പലരുടേയും മനസ്സില്‍ ഉദിച്ച സംശയമാണ് എന്താണ് ഇതുകൊണ്ടുള്ള ഗുണമെന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2019 ജൂണിലാണ് യുഎഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്.
ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരെ കൂടാതെ സംരംഭകര്‍, വിവിധ മേഖലകളിലെ പ്രതിഭകള്‍, ഗവേഷകര്‍, മികച്ച വിദ്യാര്‍ഥികള്‍, വിദേശരാജ്യങ്ങളിലെ സെലിബ്രിറ്റികളെ കൂടി അര്‍ഹരാക്കിയതോടെ ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ എണ്ണം കുതിച്ചുയര്‍ന്നു.
സ്ഥിരതയും ദീര്‍ഘകാല ആസൂത്രണത്തോടെയും യുഎഇയില്‍ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യാമെന്നതാണ് ഗോള്‍ഡന്‍ വിസ കൊണ്ടുള്ള പ്രധാന ഗുണം. യുഎഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളില്‍ ദീര്‍ഘകാല പദ്ധതികളും തുടങ്ങാന്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയതായിട്ടാണ് ഗുണഭോക്താക്കളില്‍ പലരും പറയുന്നത്.
അവര്‍ ഒരു ബിസിനസ്സില്‍ നിക്ഷേപിക്കുകയോ സ്ഥിരമായി ജോലി ചെയ്യുന്നവരോ ആയിരിക്കുന്ന ഘട്ടത്തില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞാല്‍ 30 ദിവസത്തെ ഗ്രേസ് കാലാവധിക്കുള്ളില്‍ പെട്ടെന്ന് ബാഗുകള്‍ പാക്ക് ചെയ്ത് നാട്ടിലേക്ക് പറക്കേണ്ടിവരുന്നതിന്റെ അരക്ഷിതാവസ്ഥ ഗോള്‍ഡന്‍ വിസ ഇല്ലാതാക്കി.
കോവിഡ് മഹമാരിയുടെ ഘട്ടത്തില്‍ ജോലി നഷ്ടപ്പെട്ട അല്ലെങ്കില്‍ ബിസിനസ് തകര്‍ന്ന സമയത്ത് ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് അതിജീവനം എളുപ്പമാക്കി. ഇത്തരക്കാര്‍ക്ക് യുഎഇയില്‍ അനാവശ്യ സമ്മര്‍ദ്ദമില്ലാതെ തുടരാനും ഇതര തൊഴില്‍ തേടാനും പുതിയ ജോലികള്‍ കണ്ടെത്താനും കഴിഞ്ഞു. പങ്കാളികളേയും കുട്ടികളേയും സ്പോണ്സര് ചെയ്യാനും കുടുംബത്തോടൊപ്പം താമസിക്കാനും അവര്‍ക്കിതിലൂടെ പ്രയോജനം ഉണ്ടായി.
സ്വന്തം സ്പോണ്‍സര്‍ഷിപ്പിന് പുറമെ തന്റെ ബിസിനസ്സിന്റെ ഗുണപരമായ ആവശ്യങ്ങള്‍ക്കും പലരും ഗോള്‍ഡന്‍ വിസ ഉപയോഗപ്പെടുത്തുന്നുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് അവരുടെ സ്പോണ്സര്ഷിപ്പില് ഉപദേശകരെയും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെയും ഉള്‍പ്പെടുത്തുന്നതിന് പുറമെ അവര്‍ക്ക് ബിസിനസ് പങ്കാളികള്‍ക്ക് വിസ നീട്ടാനും അനുമതിയുണ്ട്.
യാത്രകള്‍ക്ക് അനുഗ്രഹം
ഗോള്‍ഡന്‍ വിസ കൈയിലുള്ളത് യാത്രകള്‍ക്ക് വലിയ അനുഗ്രഹമാണ്. കോവിഡ് സമയത്ത് ലോകത്താകെ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയ ഘട്ടത്തില്‍ യുഎഇയില്‍ പ്രവേശിക്കുന്നതിന് ഗോള്‍ഡന്‍ വിസക്കാര്‍ക്കും അനുമതിയുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. സ്വദേശികളേയും നയതന്ത്രജ്ഞരേയും പോലെയാണ് യാത്ര നിരോധന ഘട്ടത്തില്‍ യുഎഇ ഗോള്‍ഡന്‍ വിസക്കാരേയും പരിഗണിച്ചിരുന്നത്. 200 സീറ്റുകളുള്ള വിമാനത്തില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ ഒറ്റയ്ക്ക് പറന്നത് കോവിഡ് കാലത്ത് പലതവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
യുഎഇയുടെ സാധാരണ വിസകള്‍ രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ പുതുക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ഗോള്‍ഡന്‍ വിസ കൈയിലുള്ളവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് പരിശോധനയും പുതുക്കലുകളടക്കമുള്ള നടപടിക്രമങ്ങളും അഞ്ചു മുതല്‍ പത്ത് വര്‍ഷത്തിന് ശേഷം മാത്രമേ വരൂ.
ഡ്രൈവിങ് ലൈസന്‍സ്
മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ക്ക് പുറമെ അനേകം പ്രോത്സാഹനങ്ങളും യുഎഇയിലെ വിവിധ എമിറേറ്റുകള്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് നല്‍കുന്നുണ്ട്. ഗോള്‍ഡന്‍ വിസയുള്ള ഒരാള്‍ക്ക് അവരുടെ മാതൃരാജ്യത്തില്‍ നിന്ന് ഇതിനകം തന്നെ സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ പരിശീലനത്തിന്റെ ആവശ്യമില്ലാതെ ദുബായില്‍ ലൈസന്‍സ് ലഭിക്കും. യുഎഇ റോഡ് നിയമങ്ങളെ കുറിച്ചുള്ള ധാരണയും റോഡ് ടെസ്റ്റും വേണ്ടി വരും.
അബുദാബിയില്‍ കാര്‍ വാങ്ങുന്നതിന് ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ആനുകൂല്യങ്ങളുണ്ട്. പുതിയ കാറുകള്‍ ഇറങ്ങുമ്പോള്‍ ബുക്കിങ്ങില്‍ മുന്‍ഗണന ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവുണ്ടാകും. പ്രീമിയം ഡെസ്റ്റിനേഷനുകളില്‍ താമസം, ഡൈനിംഗ്, സ്പാ ചികിത്സകള്‍ തുടങ്ങിയവയിലും അബുദാബി ഓഫറുകള്‍ നല്‍കുന്നുണ്ട്.
അടുത്തിടെ അബുദാബി കൊമേഴ്ഷ്യല്‍ ബാങ്ക് (എഡിസിബി) ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് വേണ്ടി ആകര്‍ഷകമായ പലിശനിരക്കില്‍ പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Know the benefits of getting a UAE Golden Visa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..