കെ.എം.സി.സി സംഘടിപിച്ച നിലപാട് പരിപാടിയിൽ നിന്ന്
മനാമ: നിസ്സഹായരും അശരണരുമായ ഒട്ടനവധി മനുഷ്യര്‍ക്ക് ആശ്വാസം നല്‍കിയതിന്റെ പേരില്‍ അവരുടെ പ്രാര്‍ഥനകളില്‍ ഓര്‍മിക്കപ്പെടുന്ന മുഖമാണ് കെഎംസിസിയുടേതെന്ന് പ്രമുഖ വാഗ്മിയും മോട്ടിവേറ്ററുമായ പി.എം.എ ഗഫൂര്‍.
മലയാളികള്‍ രൂപപ്പെടുത്തിയ ഏറ്റവും നല്ല ആശയങ്ങളിലൊന്നാണ് കെഎംസിസി. കോവിഡ് മഹാമാരിക്കാലത്ത് ആശങ്കപ്പെട്ടവര്‍ക്ക് അഭയമായി മാറി ആശ്വാസം ചൊരിഞ്ഞ പ്രസ്ഥാനമാണ് കെഎംസിസിയെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി 'നിലപാട്' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തര്‍ക്കങ്ങള്‍, ശത്രുതയുടെ ഇടങ്ങള്‍ വലുതാക്കി യോജിപ്പിന്റെ സാധ്യതകളെ ഇല്ലാതാക്കാന്‍ മാത്രമേ സഹായിക്കൂ. ആത്യന്തികമായി കാരുണ്യ വാഹകരായി മാറുക എന്നത് തന്നെയാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ കടമയെന്നും പി.എം.എ ഗഫൂര്‍ പറഞ്ഞു. പണ്ടത്തെ പ്രവാസത്തില്‍നിന്നും ഇപ്പോള്‍ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ട് പ്രവാസികളുടെ മുറികളില്‍ ഭയങ്കര സന്തോഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു മുറിയില്‍ നാലു പേരുണ്ടെങ്കിലും അവര്‍ ഒറ്റപ്പെട്ട ലോകത്താണ്. കേള്‍ക്കാന്‍ ആളുണ്ടാവുകയെന്നത് നല്ലൊരു തെറാപ്പിയാണ്, ചികിത്സയാണ്. അത് പ്രവാസികള്‍ മനസിലാക്കണം. അതുപോലെ തന്നെ, മനഷ്യന് ആവശ്യങ്ങളും അത്യാര്‍ത്തികളും തിരിച്ചറിയണം. എല്ലാവര്ക്കും ആവശ്യങ്ങളും അത്യാര്ത്തികളമുണ്ടാകും. ഇത് തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
മനാമ കെഎംസിസി ആസ്ഥാനത്ത് നടന്ന സംഗമം, കെഎംസിസി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെകെസി മുനീര്‍ അധ്യക്ഷനായി. പിഎംഎ ഗഫൂറിനെ വിഎച്ച് അബ്ദുല്ല ഷാള്‍ അണിയിച്ച് ആദരിച്ചു. കെഎംസിസി ബഹ്റൈന്‍ മുന്‍ പ്രസിഡന്റ് എസ് വി ജലീല്‍, വൈസ് പ്രസിഡന്റ് ഷംസുദ്ധീന് വെള്ളിക്കുളങ്ങര എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.
ഓര്‍ഗനസിംഗ് സെക്രട്ടറി കെപി മുസ്തഫ സ്വാഗതവും സെക്രട്ടറി റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ എപി ഫൈസല്‍, കെയു ലത്തീഫ്, ഉസ്മാന് ടിപ്ടോപ്, സലിം തളങ്കര, ഒകെ കാസിം, നിസാര്‍ ഉസ്മാന്, ഷെരീഫ് വില്യാപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി. സംഗമത്തില്‍ വിവിധ ജില്ലാ ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളില്‍നിന്നായി നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..