തിരുവനന്തപുരം: പ്രവാസിക്ഷേമത്തിന് സൗദി അറേബ്യയിലെ ദമാമിൽ ഇന്ത്യൻ കോൺസുലേറ്റും ജോർജിയയിൽ ഇന്ത്യൻ എംബസിയും തുടങ്ങണമെന്ന് കേരളം. ലോക കേരളസഭയുടെ ഭാഗമായി ഉയർന്ന ഈ ആവശ്യം സംസ്ഥാനസർക്കാർ കേന്ദ്രത്തിനു മുമ്പാകെ ഉന്നയിക്കും.
നാലരലക്ഷം മലയാളികളുള്ള സൗദിയിൽ നിലവിൽ റിയാദിലാണ് ഇന്ത്യൻ എംബസി. ദമാമിലും ചുറ്റുവട്ടത്തുമുള്ള മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് റിയാദിലെത്താൻ ക്ലേശമേറെയാണ്. ഇത് മുൻനിർത്തി ദമാമിൽ രേഖകളുടെ അറ്റസ്റ്റേഷന് പരിമിതസൗകര്യം ഏർപ്പെടുത്തിയിരുന്നു. മുമ്പ് ജോലിതേടിയാണ് പ്രവാസികൾ സൗദിയിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ധാരാളം മലയാളികൾ അവിടെ വ്യവസായ മേഖലയിൽ മുതൽ മുടക്കുന്നുണ്ട്. വ്യവസായ ആവശ്യങ്ങൾകൂടി കണക്കിലെടുത്താണ് ദമാമിൽ എംബസി വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോർജിയയിലും മലയാളികളായ പ്രവാസികൾ ജോലിക്കും വ്യവസായത്തിനുമായി പോകുന്നുണ്ട്. ഇവിടെ ഇന്ത്യയ്ക്ക് എംബസിയില്ല. അയൽരാജ്യമായ അർമേനിയയിലെ അംബാസഡർക്കാണ് ജോർജിയയുടെയും ചുമതല.
ഭൂമിക്ക് പൊതുവേ വിലക്കുറവുള്ള ജോർജിയയിൽ കൃഷി, ടൂറിസം മേഖലകളിൽ മുതൽമുടക്കിയവരുമുണ്ട്. ധാരാളം വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായും ജോർജിയയിലുണ്ട്. എംബസിയുടെ അഭാവത്തിൽ അവിടെ പ്രശ്നങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ പരിമിതികളേറെയാണ്.
മറ്റു നിർദേശങ്ങൾ
* ഖത്തർ, ബഹ്െറെൻ തുടങ്ങിയ രാജ്യങ്ങളിൽ തടവിൽ കഴിയുന്ന മലയാളികളുടെ മോചനത്തിന് ഉദ്യോഗസ്ഥ സമിതി രൂപവത്കരിക്കണം.
* പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രസർക്കാർ നയം ആവിഷ്കരിക്കണം. പ്രവാസികളുടെ താത്പര്യങ്ങൾകൂടി ഉൾക്കൊണ്ടായിരിക്കണം പുനരധിവാസനയം. കേന്ദ്രസർക്കാർ തന്നെ പുനരധിവാസ പദ്ധതികൾക്ക് രൂപംനൽകണം.
* കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് നേരിട്ട് വിമാനസർവീസുകൾ തുടങ്ങാനും കേന്ദ്രം മുൻകൈയെടുക്കണം.
* ഈ ആവശ്യങ്ങൾ മുൻനിർത്തി കേരളത്തിൽനിന്നുള്ള എം.പി.മാർ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണം.
Content Highlihgts: Kerala wants embassy in Georgia and consulate in dammam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..