മനാമ: പിണറായി സര്‍ക്കാരിന്റെ പ്രഥമ ബഡ്ജറ്റില്‍ ബഹ്റൈനിലെ പ്രവാസി സംഘടനകള്‍ക്ക് വ്യത്യസ്താഭിപ്രായങ്ങളാണ്. ഒഐസിസിയും കെ എംസിസിയും ബഡ്ജറ്റിനെ എതിര്‍ത്തപ്പോള്‍ ബഹ്റൈന്‍ പ്രതിഭ അനുകൂല പ്രസ്താവനയാണ് നടത്തിയത്.
മഹാമാരിക്കാലത്തു ആരോഗ്യമേഖലയെയും അതോടൊപ്പം പ്രതിസന്ധികളെയും അതിജീവിച്ചു നാടിന് മുന്നോട്ട് പോകാന്‍ സഹായകരമാകുന്ന തരത്തിലുള്ള സാമൂഹിക സാമ്പത്തിക പാക്കേജുകള്‍ ഉള്‍പ്പടെ വര്‍ത്തമാനകാല സാമൂഹിക സാഹചര്യം ആവശ്യപ്പെടുന്ന ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത് എന്ന് ബഹ്റൈന്‍ പ്രതിഭ അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധിയില്‍ നിന്നും നാടിനെ കൈപിടിച്ചു കയറ്റാനും ജനങ്ങളുടെ ജീവനും ജീവിതത്തിനും കൂടുതല്‍ സംരക്ഷണത്തിനും ബജറ്റ് മുന്‍ഗണന കൊടുക്കുന്നതാണ്, കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജും, ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും, സൗജന്യ വാക്സിന്‍ വാങ്ങി നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും മാറ്റി വച്ചിരിക്കുന്നതിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. അതോടൊപ്പം ആരോഗ്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി കുറഞ്ഞ നിരക്കിലുള്ള വായ്പയും, കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പയും, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സേവന ശൃംഖല പൈലറ്റ് പദ്ധതിയും പ്രാവര്‍ത്തികമാക്കുക വഴി ഗ്രാമീണ, കാര്‍ഷിക സാമ്പത്തിക രംഗം ശക്തിപ്പെടും.
നോര്‍ക്ക സെല്‍ഫ് എംപ്ലോയ്മെന്റ് സ്‌കീമും വായ്പ പലിശ ഇളവ് നല്‍കുന്നതിന് എടുത്ത പ്രഖ്യാപനവും കോവിഡ് പ്രതിസന്ധിക്കിടയില്‍ നാട്ടില്‍ നില്‍ക്കേണ്ടി വന്ന പ്രവാസികള്‍ക്ക് ആശ്വാസവും ഉപകാരപ്രദവുമാണ്. അങ്ങനെ നാടിന്റെ അതിജീവനത്തിനും മുന്നോട്ടുള്ള കുതിപ്പിനും സഹായകരമാകുന്ന കാലഘട്ടം ആവശ്യപ്പെടുന്ന ഈ ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബഹ്റൈന്‍ പ്രതിഭ സെക്രട്ടറി എന്‍.വി. ലിവിന്‍ കുമാറും പ്രസിഡണ്ട് കെ.എം. സതീഷും പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രവാസികളെ അകറ്റി നിര്‍ത്തിയ ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാന ബജറ്റിലെ കാര്യങ്ങള്‍ നടപ്പാക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ബജറ്റിലും ഇപ്രാവശ്യത്തെ ബജറ്റിലും പ്രവാസികള്‍ക്ക് വേണ്ടി യാതൊരുവിധ ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കാലത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി കാരണം 14 ലക്ഷത്തിലധികം പ്രവാസികളാണ് മടങ്ങിവന്നതെന്ന് മന്ത്രിപോലും സമ്മതിച്ച കാര്യമാണ്. ഇത്രത്തോളം വരുന്ന വലിയൊരു വിഭാഗം പ്രവാസികളെ പുനരധിവസിപ്പിക്കണമെങ്കില്‍ പതിനായിരം കോടിയുടെ പാക്കേജ് എങ്കിലും വേണം. എന്നിരിക്കെ, വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി 1,000 കോടിയുടെ വായ്പ സഹായം മാത്രമാണ് ബജറ്റില്‍ പ്രഖ്യാപിച്ചതെന്നും ഇത് പ്രവാസ സമൂഹത്തെ കൂടുതല്‍ കടക്കെണിയിലേക്ക് എത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളിച്ച് വായ്പ സൗകര്യം ഒരുക്കുന്നതിന് പകരം സംസ്ഥാനത്തിന് കീഴില്‍ നേരിട്ടുള്ള സബ്സിഡി ധനസഹായ പാക്കേജുകളായിരുന്നു വേണ്ടത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍ വലിയ പലിശ ബാധ്യതയാണ് പ്രവാസികള്‍ക്കുമേല്‍ ഉണ്ടാവുക. ഇത്തരത്തില്‍ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിനീക്കുന്ന പദ്ധതികളല്ല പ്രവാസസമൂഹം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസി അനുകൂല നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും നേതാക്കള്‍ പറഞ്ഞു.
കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയില്‍ ആയ ആളുകളെ സഹായിക്കാന്‍ ഉള്ള പദ്ധതികള്‍ ഇല്ലാത്ത ബഡ്ജറ്റ് എന്ന് ബഹ്റൈന്‍ ഒഐസിസി വിലയിരുത്തി. ഭരണതുടര്‍ച്ച ലഭിച്ച ഗവണ്മെന്റ്, പാവങ്ങളെ സഹായിക്കാന്‍ പറ്റുന്ന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതാണ്.
കോവിഡ് മൂലം മരണപ്പെട്ട അനേകം ആളുകള്‍ നമ്മുടെ നാട്ടിലും പ്രവാസ ലോകത്തും ഉണ്ട്. ആ വരുമാനങ്ങള്‍ നിലച്ചപ്പോള്‍ അങ്ങനെയുള്ള ആളുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കൂടാതെ ഇങ്ങനെ മരണപ്പെട്ട ആളുകള്‍ എടുത്ത ലോണുകള്‍ എഴുതിതള്ളാന്‍ ഉള്ള പദ്ധതികള്‍ ഈ ബഡ്ജറ്റില്‍ ഉണ്ടാകേണ്ടത് ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒരു പ്രഖ്യാപനവും കാണുവാന്‍ സാധിച്ചില്ല. ജോലി നഷ്ടപ്പെട്ടു തിരികെ എത്തിയ 14,32,736 പ്രവാസികള്‍ നാട്ടില്‍ ഉണ്ട് എന്നാണ് സര്‍ക്കാര്‍ കണക്ക്. പ്രവാസികള്‍ക്ക് ലോണ്‍ എടുക്കുമ്പോള്‍ ഉള്ള പലിശക്ക് സബ്സിഡി നല്‍കുവാന്‍ ഇരുപത്തഞ്ച് കോടി വകയിരുത്തിയത് വളരെ കുറവാണ്. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്ന മുന്‍ പ്രവാസികള്‍ക്ക് കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കിയാല്‍ മാത്രമേ കൂടുതല്‍ പദ്ധതികള്‍ നമ്മുടെ സംസ്ഥാനത്തു വരികയുള്ളു. അങ്ങനെ തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ആവശ്യമായ തൊഴില്‍ ലഭ്യമാക്കുവാന്‍ സാധിക്കും.
കോവിഡ് പ്രതിസന്ധിമൂലം തിരികെ പോകാന്‍ സാധിക്കാതെ അനേകം പ്രവാസികള്‍ ഇപ്പോളും നാട്ടില്‍ കുടുങ്ങി കിടപ്പുണ്ട്. അങ്ങനെയുള്ള പ്രവാസികളെ സഹായിക്കുവാന്‍ ഉള്ള ദീര്‍ഘകാല പദ്ധതികള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് പ്രകടനപത്രികയിലൂടെ നല്‍കിയ പ്രഖ്യാപനങ്ങള്‍ പൂര്‍ണ്ണമായും മറന്ന അവസ്ഥയാണ്. ക്ഷേമ പെന്‍ഷനുകളുടെ വര്‍ദ്ധനവ്, അറുപത് വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് നല്‍കും എന്ന് പ്രഖ്യാപിച്ച സഹായം അടക്കം, ഒന്നിനും ബജറ്റില്‍ പണം കാണുന്നില്ല. കര്‍ഷകര്‍ക്ക് വര്‍ഷങ്ങളായി നാല് ശതമാനം പലിശക്ക് ആണ് വയ്പ് ലഭിക്കുന്നത്. അത് പലിശ രഹിത വയ്പ ആയിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഉപകാരം ആയിരുന്നു. ഈ മഹാമാരികാലത്തു ചെറുകിട കച്ചവടക്കാരെയും, കൃഷിക്കാരെയും സഹായിക്കുവാന്‍ വേണ്ടി പദ്ധതികള്‍ ഉണ്ടാകേണ്ടതായിരുന്നു. നിര്‍ബന്ധിത ലോക് ഡൗണ്‍ കാലത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് വൈദ്യുതി, വാടക ഇനത്തില്‍ സാമ്പത്തിക സഹായം നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാര്‍ ആകണം.
കര്‍ഷകരുടെ ഉത്പനങ്ങള്‍ കച്ചവടം ചെയ്യാന്‍ സാധിക്കാതെ കൃഷിയിടങ്ങളില്‍ നശിച്ചുപോകുന്നു. ഇങ്ങനെയുള്ള കര്‍ഷകരെ സഹായിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതായിരുന്നു. മരണമടഞ്ഞ നേതാക്കള്‍ക്ക് സ്മരകങ്ങള്‍ക്ക് പണം ഉള്‍പ്പെടുത്തുന്നതോടൊപ്പം, നമ്മുടെ കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതായിരുന്നു എന്നും ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..